സെറ്റിലെത്തുന്ന അഭിനേതാക്കളുടെയും ടെക്‌നീഷ്യന്‍മാരുടെയും ശ്രദ്ധ മാറിപ്പോവാതിരിക്കാന്‍ തെറി പറഞ്ഞു കൊണ്ടേയിരിക്കുമെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍. സെറ്റിലെ തന്റെ സ്വഭാവരീതിയെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കോസ്റ്റ്യൂം ഡിസൈനര്‍ ലിജിയുടെ വെളിപ്പെടുത്തലോടെ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് രതീഷ്.
ഇതിനിടെയാണ് രതീഷ് സംസാരിക്കുന്ന വീഡിയോ ശ്രദ്ധ നേടുന്നത്. ”സിനിമയുടെ സെറ്റിലേക്ക് നൂറ്റമ്പത് ആളുകള്‍ വരുന്നത് അത്രതന്നെ സിനിമ ചെയ്യാനാണെന്നു തോന്നും. അമ്പതോളം നടീനടന്മാരും, മറ്റ് ടെക്നീഷ്യന്‍സും മൊബൈല്‍ ഫോണില്‍ റീല്‍ എല്ലാം കണ്ട് ചിരിച്ചുകൊണ്ടാണ് സെറ്റിലേക്ക് വരുന്നത്.”
”ചിലര്‍ വീട്ടില്‍ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളൊക്കെ ഓര്‍ത്താകും ജോലി ചെയ്യുന്നത്. അവരെയൊക്കെ ഒരു സിനിമയിലേക്ക് കൊണ്ടുവരാന്‍ എളുപ്പമല്ല. ഞാന്‍ പറഞ്ഞു കൊടുക്കുന്നതില്‍ നിന്നും അവര്‍ മാറിപ്പോകാതെയിരിക്കാന്‍ തെറി പറയുക എന്നതാണ് മാര്‍ഗം. രാവിലെ മുതല്‍ വൈകിട്ട് വരെ തെറി പറഞ്ഞുകൊണ്ടേയിരിക്കണം. അതാണ് പ്രധാന ജോലി.”
”ശ്രദ്ധ വളരെ കുറഞ്ഞ തലമുറയില്‍പ്പെട്ട ആളുകളുമായാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഒരു കാര്യം പറഞ്ഞു കൊടുത്ത് കഴിഞ്ഞ്, ഒന്ന് മൂത്രമൊഴിച്ചു തിരിച്ചു വരുമ്പോഴേക്ക് എന്തായിരുന്നു സാറേ പറഞ്ഞത് എന്നാണ് അവര്‍ ചോദിക്കുന്നത്. പരിഹാരമായി നമുക്ക് ചെയ്യാവുന്നത് അവരെ വാഷ്റൂമിലേക്ക് വിടാതെയിരിക്കുക എന്നതാണ്” എന്നാണ് സംവിധായകന്‍ പറയുന്നത്.
അതേസമയം, ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ ലിജി പ്രേമന്‍ കഴിഞ്ഞ ദിവസമാണ് രതീഷിനെതിരെ മുന്‍സിഫ് കോടതിയില്‍ ഹര്‍ജിയുമായി എത്തിയത്. പ്രതിഫലം നല്‍കിയില്ലെന്നും ക്രെഡിറ്റ് ലിസ്റ്റില്‍ നിന്നും പേര് നീക്കിയെന്നും ആരോപിച്ചാണ് ലിജി പരാതി നല്‍കിയത്. പിന്നാലെ സംവിധായകന്റെ മോശം പെരുമാറ്റത്തെ കുറിച്ച് സംസാരിച്ചും ലിജി രംഗത്തെത്തിയിരുന്നു.