'ആരാണ് കൂടെ അഭിനയിക്കുന്നത് എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല'; പുഴുവിലേക്ക് എത്തിയതിനെ കുറിച്ച് പാര്‍വതി

മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പുഴു ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പിടി റത്തീന സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ താന്‍ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പാര്‍വതി.

‘ഹര്‍ഷദിക്ക എന്നെ ഫോണ്‍ വിളിക്കുകയായിരുന്നു. ഹര്‍ഷദിക്കയെ എനിക്ക് പണ്ടേ അറിയാം. കഥ പറയുന്നതിന് മുമ്പ് സിനിമയില്‍ അഭിനയിക്കുന്നതില്‍ പാര്‍വതിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് എനിക്കറിയണം, കാരണം മമ്മൂട്ടി ഇതില്‍ അഭിനയിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അതെങ്ങനെ എന്റെ തീരുമാനത്തെ ബാധിക്കും, ആരാണ് കൂടെ അഭിനയിക്കുന്നത് എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത് ഒരു പ്രശ്നമേയല്ല എന്നാണ് ഞാന്‍ പറഞ്ഞത്.’

അതിന് ശേഷം കഥ കേട്ടു. രണ്ടാമതൊന്ന് ആലോചിക്കാതെ യെസ് പറഞ്ഞു. എങ്കിലും സ്‌ക്രിപ്റ്റ് മുഴുവന്‍ വായിക്കണമെന്നും പറഞ്ഞു. ഒരു ഫോണ്‍കോളിലൂടെ ഞാന്‍ യെസ് പറഞ്ഞ സിനിമകള്‍ വളരെ കുറവാണ്. കസബയുമായി ബന്ധപ്പെട്ട് ഞാന്‍ എന്താണോ പറയാന്‍ ശ്രമിച്ചത് അത് തെളിയിക്കുന്ന സിനിമയാണ് പുഴു. അതേ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതാണ് മറ്റൊരു സന്തോഷം’ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

മമ്മൂട്ടി മുഴുനീള നെഗറ്റീവ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. കോട്ടയം രമേശ്, ഇന്ദ്രന്‍സ്, കുഞ്ചന്‍, നെടുമണി വേണു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പി.ടി. റത്തീനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റത്തീനയുടെ ആദ്യ സിനിമയാണിത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്.

Read more

‘ഉണ്ട’യുടെ രചയിതാവ് ഹര്‍ഷദിന്റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം.