പ്രതിവർഷം ലഭിക്കുന്നത് കോടികൾ, ബോളിവുഡിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ബോഡിഗാർഡ്; ആരാണ് കിംഗ് ഖാന്റെ രവി?

ബോളിവുഡ് സൂപ്പർതാരങ്ങളായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, തുടങ്ങിയവർക്ക് വലിയ ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ താരങ്ങൾ കൂടുതൽ ജാഗ്രത പാലിക്കാറുണ്ട്. ഇതിനു പുറമെ ബോഡിഗാർഡ്‌സിനെ താരങ്ങൾ ഏത് സമയവും തങ്ങളോടൊപ്പം നിർത്തുകയും അവരുടെ സംരക്ഷണത്തിനായി അവർക്ക് ഒരു വലിയ തുക നൽകുകയും ചെയ്യുന്നു.

എന്നാൽ ഇനി പറയാൻ പോകുന്നത് ബോളിവുഡിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഒരു ബോഡിഗാർഡിനെ കുറിച്ചാണ്. ബോളിവുഡിലെ ഏറ്റവും ധനികനായ നടനാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തോടൊപ്പം 24 മണിക്കൂറും ഒരു ബോഡിഗാർഡുമുണ്ട്. ബോളിവുഡിലെ മറ്റേതൊരു നടനും നൽകുന്ന ഏറ്റവും ഉയർന്ന തുകയാണ് അദ്ദേഹം തന്റെ അംഗരക്ഷകന് നൽകുന്നത്.

കിംഗ് ഖാന്റെ ബോഡിഗാർഡായ രവി സിംഗ് പ്രതിവർഷം 3 കോടി രൂപയാണ് വീട്ടിലേക്ക് കൊണ്ട് പോകുന്നത്. 25 ലക്ഷം രൂപയാണ് രവി സിംഗിന്റെ പ്രതിമാസ ശമ്പളം. ഷാരൂഖ് ഖാൻ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുന്നതിന്റെ ഉത്തരവാദിത്തം രവി സിംഗിനാണ്.

10 വർഷത്തിലേറെയായി കിംഗ് ഖാന് വേണ്ടി രവി സിംഗ് ജോലി ചെയ്യുന്നു. ഷാരൂഖിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം മാത്രമല്ല, സുഹാന ഖാന്റെയും ആര്യൻ ഖാന്റെയും ചില പൊതു പ്രകടനങ്ങളിലും ഇയാൾ കാവൽ നിൽക്കുന്നതും കണ്ടിട്ടുണ്ട്.

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മറ്റ് ചില സെലിബ്രിറ്റി ബോഡിഗാർഡുകളുമുണ്ട്. സൽമാൻ ഖാന്റെ അംഗരക്ഷകൻ ഷേര, 29 വർഷത്തോളമായി താരത്തോടൊപ്പമുണ്ട്. പ്രതിമാസം ഏകദേശം 15 ലക്ഷം രൂപയാണ് ഷേര സമ്പാദിക്കുന്നത്. അതായത് പ്രതിവർഷം ഏകദേശം 2 കോടി.

അക്ഷയ് കുമാറിന്റെ അംഗരക്ഷകനായ ശ്രേയ്‌സെ തെലെ പ്രതിവർഷം 1.2 കോടി രൂപ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം ആമിർ ഖാന്റെ അംഗരക്ഷകനായ യുവരാജ് ഘോർപഡെയുടെ വാർഷിക ശമ്പളം 2 കോടി രൂപയാണ്.

Read more

അതേസമയം, ബ്ലോക്ക്ബസ്റ്റർ ചിത്രം പഠാനിലൂടെ ഒരു തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. തുടർന്ന് ജവാൻ എന്ന ചിത്രത്തിലൂടെ എല്ലാവരേയും ഞെട്ടിക്കുകയും ചെയ്തു. ഡിസംബർ 21 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്ന ചിത്രത്തിലാണ് താരത്തിന്റെ അവസാനം ഇറങ്ങിയ ചിത്രം. തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ, ബൊമൻ ഇറാനി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.