എആര്‍ റഹ്‌മാനെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല, അനിരുദ്ധിനെ കൊണ്ടുവരാന്‍ കാരണമുണ്ട്..; തുറന്നു പറഞ്ഞ് ശങ്കര്‍

ജൂലൈ 12ന് റിലീസിനെത്തുന്ന ‘ഇന്ത്യന്‍ 2’ ചിത്രത്തിന്റെ തിരക്കിട്ട പ്രമോഷന്‍ പരിപാടികളിലാണ് കമല്‍ ഹാസനും സംവിധായകന്‍ ശങ്കറും. വര്‍ഷങ്ങളായി ഷൂട്ട് നടന്ന ചിത്രം ഓരോ തവണയും മുടങ്ങിപ്പോയിരുന്നു. വീണ്ടും ഷൂട്ട് തുടങ്ങുകയും മുടങ്ങുകയും ചെയ്ത ചിത്രം ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകരും.

ഇതിനിടെ എആര്‍ റഹ്‌മാനെ എന്തുകൊണ്ടാണ് ഇന്ത്യന്‍ 2 വില്‍ പരിഗണിക്കാതിരുന്നത് എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ശങ്കര്‍. 1996ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ സിനിമയ്ക്ക് സംഗീതം ഒരുക്കിയത് എആര്‍ റഹ്‌മാന്‍ ആയിരുന്നു. എന്നാല്‍ ഇന്ത്യന്‍ 2വിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്.

എന്തുകൊണ്ട് അനിരുദ്ധ് എന്ന ചോദ്യം നേരത്തെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇതിനോടാണ് ശങ്കര്‍ പ്രതികരിച്ചത്. ”ഞങ്ങള്‍ ഇന്ത്യന്‍ 2വിന്റെ ജോലികള്‍ തുടങ്ങിയപ്പോള്‍ എആര്‍ റഹ്‌മാന്‍ ‘2.0’ യ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു. എനിക്കാണെങ്കില്‍ പാട്ടുകള്‍ പെട്ടെന്ന് ആവശ്യവുമായിരുന്നു.”

”ഇന്ത്യന്‍ 2 കൂടി ഏല്‍പ്പിച്ച് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ എനിക്ക് തോന്നിയില്ല. പിന്നെ അനിരുദ്ധിന്റെ പാട്ടുകള്‍ എനിക്കിഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സംഗീതം വളരെ ജനപ്രിയമായിരുന്നു. അപ്പോള്‍ എന്തുകൊണ്ട് അദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചു കൂടായെന്ന് ഞാന്‍ ചിന്തിച്ചു” എന്നാണ് ശങ്കര്‍ പറയുന്നത്.

അതേസമയം, സേനാപതിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ്, ജെയ്സണ്‍ ലാംബര്‍ട്ട്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ, എസ്ജെ സൂര്യ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അന്തരിച്ച നടന്‍മാരായ വിവേക്, നെടുമുടി വേണു എന്നിവരെ സാങ്കേതികവിദ്യകളിലൂടെ സിനിമയില്‍ എത്തിച്ചിട്ടുണ്ട്.