മായാനദിയില്‍ എന്തുകൊണ്ട് ഫഹദ് നായകനായില്ല, ആഷിഖ് അബു പറയുന്നു

ആഷിഖ് അബുവിന്റെ നിര്‍മ്മാണത്തില്‍ ജനിച്ച മഹേഷിന്റെ പ്രതികാരത്തില്‍ നായകനായി തകര്‍ത്ത് അഭിനയിച്ചത് ഫഹദ് ഫാസിലായിരുന്നു. ആഷിഖ് അബു മായാനദി പ്രഖ്യാപിച്ചപ്പോള്‍ ഫഹദ് തന്നെ നായകനായേക്കും എന്ന് ചിന്തിച്ചവര്‍ അനേകമായിരുന്നു. എന്നാല്‍, ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ ആരും പ്രതീക്ഷിക്കാതെ ടൊവീനോ തോമസ് നായകനായി.

എന്തുകൊണ്ട് ഫഹദ് ഫാസിലിനെ നായകനാക്കിയില്ലാ എന്ന ചോദ്യത്തിന് ആഷിഖ് അബു നല്‍കുന്ന വിശദീകരണം ഇങ്ങനെ.

ഫഹദിനെക്കുറിച്ച് ഞങ്ങളും ചിന്തിച്ചിരുന്നു. കഥാപാത്രം വിജയിപ്പിക്കാന്‍ ഒരുപാട് ടെക്‌നിക്കുകളുണ്ട് ഫഹദിന്. വലിയ കണ്ണുകളാണ് ഫഹദിന്. എന്ത് കൊടുത്താലും ഗംഭീരമാക്കും. സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവീനോയുടെ ഓരോ ഷോട്ടുകഴിയുമ്പോഴും ഫഹദായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ സങ്കല്‍പിക്കുമായിരുന്നു. പക്ഷെ അന്നും ഇന്നും മാത്തനായി ടൊവിനോയെ മാത്രമേ കാണാന്‍ കഴിയൂ. ഫഹദാണെങ്കില്‍ കഥാപാത്രത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളും മുന്‍വിധികളും ഉയരും. അത്തരം പ്രതീക്ഷകള്‍ ഒഴിവാക്കുകകൂടി ഞങ്ങളുടെ ലക്ഷ്യമായിരുന്നു.

ഇന്നത്തെ കാലത്തിന്റെ നടന്‍ എന്ന് ടൊവിനോയെ വിശേഷിപ്പിക്കാം. തട്ടിപ്പും വെട്ടിപ്പും കാട്ടുന്ന, ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങളുള്ള യുവാവാണ് മായാനദിയിലെ മാത്തന്‍. സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ആ തൊപ്പിയും ടൊവീനോയുമായി ചേര്‍ന്ന് വേഗം തന്നെ മാത്തനായി മാറി. ആ വേഷം ടൊവീനോ ഗംഭീരമാക്കി, കഥാപാത്രത്തിന് ആത്മാവ് കൊടുക്കാന്‍ ടൊവീനോയ്ക്ക് സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിക് അബു ഇക്കാര്യങ്ങള്‍ പറയുന്നത്.