ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ‘കിങ് ഓഫ് കൊത്ത’യ്ക്കെതിരായ ഡീഗ്രേഡിംഗില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. കിംഗ് ഓഫ് കൊത്ത നല്ല സിനിമയാണെന്നും എന്തുകൊണ്ടാണ് സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി പറഞ്ഞു. സിനിമയില്‍ ദുല്‍ഖറിന്റെ അച്ഛനായി അഭിനയിച്ചത് ഷമ്മി തിലകനാണ്.
‘കെജിഎഫ്’ പോലെയുള്ള സിനിമകള്‍ സ്വീകരിക്കുന്ന മലയാളികള്‍ എന്തുകൊണ്ട് നമ്മുടെ ഇടയിലുള്ളവര്‍ അത്തരം ഒരു സിനിമ ചെയ്യുമ്പോള്‍ അത് അംഗീകരിക്കാന്‍ മനസ്സു കാണിക്കാത്തത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്തിനാണ് ഇത്രത്തോളം നെഗറ്റീവ് സിനിമയ്ക്ക് എതിരെ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല.
എന്ത് മനോഹരമായിട്ടാണ് അഭിലാഷ് സിനിമ ചെയ്തിരിക്കുന്നത്. ഇതാണ് അര്‍പ്പണം എന്നാണ് എനിക്ക് പറയാനുള്ളത്. ആ കഥാപാത്രത്തിന്റെ പല പ്രായഭേദങ്ങള്‍ എല്ലാം വളരെ കയ്യടക്കത്തോടെയാണ് ദുല്‍ഖര്‍ ചെയ്തിരിക്കുന്നത്. ആ കഥാപാത്രത്തിന്റെ അവസ്ഥകള്‍ അവന് ഉണ്ടാകുന്ന പക്വത എല്ലാം വളരെ ഭംഗിയായി ദുല്‍ഖര്‍ ചെയ്തിട്ടുണ്ട്.
ആദ്യം അച്ഛനോടുള്ള പെരുമാറ്റം എന്താണെന്ന് നോക്കണം അതിനുശേഷം സഹോദരിയുടെ രക്ഷകനായി എത്തി ആ സമയത്ത് വീണ്ടും അച്ഛനോടുള്ള പെരുമാറ്റം. ജീവിതം പഠിച്ചിട്ട് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യര്‍ എങ്ങനെ മാറണം എന്നൊക്കെ വളരെ മനോഹരമായി ദുല്‍ഖര്‍ കൈകാര്യം ചെയ്തിട്ടുണ്ട്- ഷമ്മി മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.