വില്‍സ്മിത്തിന്റെ പെരുമാറ്റം പരിധി വിട്ടു പോയി, ഇനി എന്തു സംഭവിച്ചാലും ഒപ്പം തന്നെ നില്‍ക്കും: ജെയ്ഡ സ്മിത്ത്

ഓസ്‌കാര്‍ അവതാരകന്‍ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് വേദിയില്‍ കയറി തല്ലിയ സംഭവത്തില്‍ പ്രതികരണവുമായി ജെയ്ഡ സ്മിത്ത്. വില്‍ സ്മിത്ത് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, അതിരു വിട്ട പെരുമാറ്റമായി പോയി എന്നും ജെയ്ഡ പറഞ്ഞതായി നടിയോട് അടുത്തു നില്‍ക്കുന്ന വൃത്തങ്ങള്‍ യുഎസ് വീക്കിലിയോട് സംസാരിച്ചു.

വില്‍ സ്മിത്ത് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ എന്ന് ജെയ്ഡ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ആവശ്യമുള്ള സ്ത്രീയല്ല അവര്‍. വളരെ ശക്തയാണ്. ജെയ്ഡയ്ക്ക് നേരേ വരുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ അവര്‍ക്ക് കൃത്യമായി അറിയാം. ഇനിയെന്ത് തന്നെ സംഭവിച്ചാലും വില്‍ സ്മിത്തിനൊപ്പം തന്നെ നില്‍ക്കുമെന്ന് ജെയ്ഡ പറഞ്ഞതായും വൃത്തങ്ങള്‍ പറഞ്ഞു. ജെയ്ഡയുടെ തലമുടിയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ഓസ്‌കാര്‍ വേദിയില്‍ ചൊടിപ്പിച്ചത്. തുര്‍ന്ന് വില്‍ സ്മിത്ത് ക്രിസിനെ മര്‍ദ്ദിക്കുകയായിരുന്നു.

Read more

ജെയ്ഡ വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന ഒരു തരം അവസ്ഥയാണിത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ രൂപത്തില്‍ പറഞ്ഞിട്ടുമുണ്ട്. സംഭവത്തില്‍ അക്കാദമിയോടും ക്രിസ് റോക്കിനോടും വില്‍ സ്മിത്ത് മാപ്പ് പറഞ്ഞത് വലിയ ചര്‍ച്ചയായത്. അക്കാദമിയില്‍ നിന്ന് രാജി വയ്ക്കുകയും ചെയ്തു.