എന്നും അതിജീവിതയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് നടി ലിയോണ ലിഷോയ്. ഒരു അതിജീവിത പുറത്തുവന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശ്വസിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അതിനെ പിന്തുണക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ചെയ്യുകയാണ് വേണ്ടതെന്നും ലിയോണ പറയുന്നു.
അവര് ഏതൊക്കെ സാഹചര്യങ്ങളിലൂടെയാണ് പോയതെന്ന് നമുക്കറിയില്ല. ഒരു കാര്യം കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ വായിക്കുമ്പോള്‍ നമുക്ക് പലതും തോന്നാം. പക്ഷെ നമുക്ക് ഒരിക്കലും അവരുടെ മാനസികാവസ്ഥ അറിയില്ല, നമ്മള്‍ ആ അവസ്ഥ എത്തിയാലേ നമുക്ക് അതറിയുകയുള്ളൂ എന്ന് താന്‍ വിശ്വസിക്കുന്നു.
അതിജീവിതക്കൊപ്പം താന്‍ തീര്‍ച്ചയായും ഉറച്ച് നില്‍ക്കുന്നു. എന്നും അതിജീവിതക്കൊപ്പം ആയിരിക്കും. ഒരു അതിജീവിത പുറത്തു വന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശ്വസിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കില്‍ അവരത് പറയേണ്ട ആവശ്യമെന്താ?
അതിനെ പിന്തുണക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ചെയ്യുക. അതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. താനൊരു സ്ത്രീയായത് കൊണ്ടായിരിക്കും പെട്ടെന്ന് തനിക്ക് കണക്ട് ചെയ്യാന്‍ പറ്റുന്നത്. അവര് ആ സമയത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ട്രോമയെ കുറിച്ച് തനിക്കോ മറ്റു സ്ത്രീകള്‍ക്കോ പെട്ടെന്ന് മനസിലാകും.
അതിനപ്പുറത്തേക്ക് അവര്‍ പുറത്തേക്ക് വരുന്നത് വളരെ നല്ല കാര്യമാണ്. അങ്ങനെ പുറത്തേക്ക് വന്നാലെ ഇത്തരം കാര്യങ്ങള്‍ നമ്മുടെ വീട്ടിനുള്ളില്‍ വരെ നടക്കുന്നുണ്ടെന്ന് ആള്‍ക്കാര് അറിയുകയുള്ളൂ എന്നാണ് ലിയോണ മീഡിയവണ്‍ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.