രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ‘കെജിഎഫ്’ താരം യാഷ്. കുറച്ചു പേരുടെയെങ്കിലും ജീവിതം മെച്ചപ്പെടുത്താനായി താന്‍ ശ്രമിക്കുമെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനോ പ്രവര്‍ത്തിക്കാനോ തനിക്ക് താല്‍പര്യമില്ല എന്നാണ് യാഷ് വ്യക്തമാക്കിയിരിക്കുന്നത്.
”എന്നിലും കന്നഡ ഫിലിം ഇന്‍ഡസ്ട്രിയിലും ഒരുപാട് മാറ്റം വരുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്റെ പരിമിതിക്കുള്ളില്‍ നിന്ന് സമൂഹത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കും. കുറച്ചു പേരുടെയെങ്കിലും ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ടി പലതും ചെയ്യുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ എനിക്ക് താല്‍പര്യമില്ല. രാഷ്ട്രീയം അപ്രിയമായ ജോലിയാണ്” എന്നാണ് യാഷ് പറയുന്നത്.
ഇന്ത്യ ടുഡേ കോണ്‍ക്ലേവിലാണ് യാഷ് സംസാരിച്ചത്. അതേസമയം, കെജിഎഫ് 3യെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റും താരം പങ്കുവച്ചു. അതിനെ കുറിച്ചുള്ള പ്ലാന്‍ ഉണ്ട്. എന്നാല്‍ ഉടനെയൊന്നും സംഭവിക്കില്ല. ഒരു 6-7 വര്‍ഷമായി താന്‍ കെജിഎഫ് തന്നെ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അതിനാല്‍ മറ്റൊരു പ്രോജക്ട് ചെയ്യണമെന്നാണ് ആഗ്രഹം എന്നും യാഷ് പറഞ്ഞു.
അതേസമയം, അയാന്‍ മുഖര്‍ജിയുടെ ‘ബ്രഹ്‌മാസ്ത്ര’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ യാഷ് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ആദ്യം ചിത്രം ‘ശിവ’യുടെ സീക്വല്‍ ആയി എത്തുന്ന ‘ദേവ്’ എന്ന സിനിമയില്‍ യാഷ് നായകനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്‍ബിര്‍ കപൂര്‍-ആലിയ ഭട്ട് എന്നിവരാണ് ബ്രഹ്‌മാസ്ത്രയുടെ ആദ്യ ഭാഗത്തില്‍ വേഷമിട്ടത്. രണ്ടാം ഭാഗത്തില്‍ രണ്‍ബിര്‍ അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ പിതാവ് ദേവിന്റെ കഥയാകും പറയുക. യാഷ് ചിത്രത്തില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളോട് നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ പ്രതികരിച്ചിരുന്നു. യാഷ് ഉണ്ടാവില്ല എന്നാണ് കരണ്‍ പറഞ്ഞത്.