എന്തേ ചാക്കോച്ചനെ തിരിച്ചറിയുന്നില്ല...? കുഞ്ചാക്കോ ബോബന് പിന്തുണയുമായി #ചാക്കോച്ചന്‍മാനിയ ഹാഷ്ടാഗ് കാമ്പയിന്‍

ഏതൊരു ഭരണ സംവിധാനത്തിലും പൊലീസ് പ്രജയുടെ അല്ലെങ്കില്‍ പൗരന്റെ ആദ്യ ആശ്രയവും ധൈര്യവുമാണെന്നാണ് സങ്കല്പം. എന്നാല്‍ മൂന്നാം ലോകരാജ്യങ്ങളെ സംബന്ധിച്ച് അത് പലപ്പോഴും അധികാരത്തിന്റെ മര്‍ദ്ദനോപാധിയായി മാറുന്നു. ഏറ്റവും കുപ്രസിദ്ധി ഇക്കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസിക്കു തന്നെ. പൊലീസ് സേനയിലേക്ക് നന്മ നിറഞ്ഞ പതിനായിരം പേരെ റിക്രൂട്ട് ചെയ്താലും ഭരണകൂടത്തിന്റെ നിഴല്‍ പതിക്കുന്ന കാലത്തോളം അതിന് മോചനമില്ല. “നായാട്ട്” എന്ന ചിത്രത്തെ ഒറ്റവാക്യത്തില്‍ നിര്‍വ്വചിച്ചാല്‍ കൂലിവേട്ടക്കാര്‍ വേട്ടയാടപ്പെടുമ്പോള്‍ കൂടുതല്‍ നിസ്സഹായരായിരിക്കും എന്നാണ്. സ്വാതന്ത്ര്യബോധവും വിപ്ലവവുമെല്ലാം മനുഷ്യചരിത്രത്തിലെ പോസിറ്റിവ് ആയ ഭാഗങ്ങളാണ്. എന്നാല്‍ ഒരു വശത്ത് അതിന്റെ അതിരു ലംഘിച്ച് വളര്‍ന്നു നില്‍ക്കുന്ന സ്വത്വബോധം ഉറഞ്ഞു കൂടുമ്പോഴുണ്ടാകുന്ന നിയമവാഴ്ചയെ വെല്ലുവിളിക്കാനുള്ള ത്വരയും മറുവശത്ത് ഗവണ്മെന്റ് മെഷീനറിയുടെ സമ്മര്‍ദ്ദവും ചേരുമ്പോള്‍ സംഭവിക്കുന്ന ദുരന്തമാണ് നായാട്ട്.

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട് തിയറ്റര്‍ റിലീസ് ആയിരുന്നെങ്കിലും കോവിഡിന്റെ രണ്ടാംവരവ് സിനിമയെ പ്രേക്ഷകരില്‍ നിന്ന് അകറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ നെറ്റ്ഫ്‌ളിക്സ് റിലീസോടു കൂടി സമൂഹ മാധ്യമത്തില്‍ വന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ് നായാട്ട്. ചിത്രത്തിലെ ദളിത് രാഷ്ട്രീയമടക്കം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിട്ടിട്ടുണ്ട്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച സിപിഒ പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രത്തിന്റെ തീവ്രത തന്നെയാണ് ഒട്ടു മിക്ക സിനിമാ ചര്‍ച്ചാവേദികളിലും ഉയര്‍ന്നു കേള്‍ക്കുന്നത്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ഇന്ത്യാ ട്രെന്‍ഡിംഗിലാണിപ്പോള്‍. പൊലീസുകാരുടെ നിസ്സഹായതയും, ഭരിക്കുന്ന നേതാക്കളുടെ തീരുമാനത്തിന് അനുസരിച്ച് ആടേണ്ട പാവകളായി മാറുന്ന പൊലീസ് സംവിധാനവും അവരുടെ ജീവിതവും കൃത്യമായി വരച്ചു കാണിക്കാന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ടിനായി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

മലയാളത്തിലെ ചുരുക്കം ചില നടന്മാരാണ് സ്ഥിരത നിലനിര്‍ത്താറുള്ളത്. അതിലൊരാളാണ് വ്യത്യസ്ത വേഷങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത കുഞ്ചാക്കോ ബോബന്‍. നായാട്ടിലെ സിപിഒ പ്രവീണ്‍ മൈക്കിള്‍, അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ എന്ന ചിത്രത്തിലെ അഡ്വ ബേബി തുടങ്ങിയ കഥാപാത്രങ്ങളാണ് ചാക്കോച്ചന്റേതായി ഈയിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ചോക്ലേറ്റ് നായകനായി തിളങ്ങിയ കുഞ്ചാക്കോ ബോബനെ ഈയടുത്തായാണ് മറ്റു വ്യത്യസ്ത വേഷങ്ങളില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഏതു വേഷവും തനിക്ക് വഴങ്ങുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് നായാട്ടിലൂടെ അദ്ദേഹം. കഥാഗതിയില്‍ അധികം തീവ്രതയില്ലെങ്കിലും ചിത്രത്തില്‍ ഉടനീളം ഭാവപ്രകടനങ്ങള്‍ കൊണ്ട് ചാക്കോച്ചന്‍ കൈയടി നേടിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ കഥാപാത്രങ്ങളുടെ ഗ്രാഫ് മാറ്റം തുടങ്ങുന്നത് ട്രാഫിക്കില്‍ നിന്നാണ്. പിന്നീട് ഹൗ ഓള്‍ഡ് ആര്‍ യൂ, വൈറസ്, ടേക്ക് ഓഫ്, വേട്ട, അഞ്ചാം പാതിര, നിഴല്‍, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ചാക്കോച്ചന്റെ മറ്റൊരു രൂപവും ഭാവവും മലയാളികള്‍ക്ക് കാണാന്‍ സാധിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഇത്തരം കഥാപാത്രങ്ങള്‍ നമ്മള്‍ മലയാളികള്‍ക്കിടയില്‍ വേണ്ട രീതിയില്‍ ആഘോഷിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ് #chakochanmania എന്ന ഹാഷ്ടാഗ് കാമ്പയില്‍ കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ പരിവര്‍ത്തനമാണ് സൂചിപ്പിക്കുന്നത് ഇതിനോടകം തന്നെ നിരവധി പ്രമുഖരടക്കം ഈ കാമ്പയിന്റെ ഭാഗമായിട്ടുണ്ട്.
അഞ്ചാം പാതിരയില്‍ പോലും ഇല്ലാതിരുന്ന ഗൗരവത്തോടെ പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രം തന്നെ ഞെട്ടിച്ചു എന്നാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. “അഞ്ചാംപാതിരയില്‍ പോലും ഇല്ലാതിരുന്ന ഗൗരവം, അല്പം പുരുഷത്വം, കാഠിന്യം എന്നിങ്ങനെയുള്ള കഥാപാത്രമായ സിപിഒ പ്രവീണ്‍ മൈക്കിള്‍ ആവശ്യപ്പെടുന്ന രീതിയിലേക്ക് ചാക്കോച്ചന്‍ വളര്‍ന്നു. അമ്മയോടും സഹപ്രവര്‍ത്തകയോടും കരുതല്‍ കാണിക്കുമ്പോഴും പൊലീസുകാരന്റെ ശരീരഭാഷ നിലനിര്‍ത്താന്‍ ചാക്കോച്ചന്‍ വിജയിച്ചിട്ടുണ്ട്. ഓട്ടത്തിനിടയിലും സംഘട്ടനത്തിനു ഇടയിലും ആണത്തമോ ഹീറോയിസമോ കാണിക്കാനുള്ള സാദ്ധ്യത ഈ കഥാപാത്രത്തിന് ഇല്ലാതിരുന്നത് കൊണ്ടാവണം, ചാക്കോച്ചന്റെ ആ രൂപം കാണാന്‍ പറ്റാഞ്ഞത്. അയാള്‍ക്ക് ഇത്തരം റോളുകള്‍ പറ്റും, വോയ്‌സ് മോഡുലേഷന്‍ കൂടി കടുപ്പിച്ചാല്‍ നന്ന് എന്നു തോന്നി” ഹരീഷ് പറയുന്നു. നായാട്ടിലൂടെ കുഞ്ചാക്കോ ബോബന്‍ ഒരു അസാദ്ധ്യ നടനായി വളര്‍ന്നിരിക്കുന്നുവെന്ന് വ്യക്തമായെന്ന് അപര്‍ണ പ്രശാന്തിയും ഫെയ്സ്ബുക്ക് പോസ്റ്റിലെഴുതി.

ടേക്ക് ഓഫ്, ട്രാഫിക്, ഹൌ ഓള്‍ഡ് ആര്‍ യു, സ്പാനിഷ് മസാല, വിശുദ്ധന്‍, ടേക്ക് ഓഫ്, രാമന്റെ ഏദന്‍തോട്ടം, വലിയ ചിറകുള്ള പക്ഷി, വൈറസ് തുടങ്ങി ഒരു പിടി ചിത്രങ്ങളില്‍ തന്നിലെ നടന്റെ വ്യത്യസ്തതകള്‍ അവതരിപ്പിച്ച് ചാക്കോച്ചന്‍ കൈയടി വാങ്ങി. വേട്ട, അഞ്ചാം പാതിര, നിഴല്‍ എന്നീ ചിത്രങ്ങളിലത് അഭിനയത്തിന്റെ അതിരുകള്‍ ലംഘിച്ച കഥാപാത്രങ്ങളായിരുന്നു. 1997ല്‍ അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി മനസില്‍ ചോക്ലേറ്റ് നായകനായി ചേക്കേറിയ നടനാണ് ചാക്കോച്ചന്‍. പിന്നീട് നിറം, പ്രിയം, സത്യം ശിവം സുന്ദരം, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍വക, കല്യാണരാമന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയത്തിലെ സ്ഥിരപ്രതിഷ്ഠയുമായി. 2005 മുതല്‍ മൂന്നു വര്‍ഷക്കാലം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശേഷം ബഹുതാരചിത്രമായ ട്വന്റി-20 യിലൂടെയാണ് തിരിച്ചുവരവ്. 24 വര്‍ഷത്തെ കരിയറില്‍ ഇദ്ദേഹത്തിലെ നടന്റെ സാദ്ധ്യതകളുടെ ഒരംശം മാത്രമേ ഈ സിനിമകള്‍ ഉപയോഗിച്ചിട്ടുള്ളു എന്ന് പ്രേക്ഷകര്‍ക്ക് തോന്നുക സ്വാഭാവികവും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം