ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് റീമെയ്ക്ക് ചെയ്യുന്നത് പ്രിയദര്‍ശനാണ്. നിമിര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ഉദയനിധി സ്റ്റാലിനാണ്. ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തുവന്നത് മുതല്‍ മഹേഷിന്റെ പ്രതികാരമാണ് മികച്ചത് എന്ന തരത്തിലുള്ള ട്രോളുകളും പരിഹാസ കമന്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് സനൂജ് സുശീലന്‍ എന്ന സിനിമാ പ്രേമി. സിനിമാ പാരഡീസോ ക്ലബിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഈ കുറിപ്പ് ഷെയര്‍ ചെയ്തത്.
മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായ “ചിത്രം” ഹിന്ദിയില്‍ റീ-മേക്ക് ചെയ്തത് ബാപ്പയ്യ എന്നൊരു തെലുങ്കന്‍ സംവിധായകനായിരുന്നു.ആ സിനിമ കണ്ടിട്ട് ഹൃദയം തകര്‍ന്നു പോയ കഥ പ്രിയദര്‍ശന്‍ ഒരിടത്തു പറഞ്ഞിട്ടുണ്ട്.അങ്ങനെയാണ് കിലുക്കം വിജയമായപ്പോള്‍ അത് സ്വന്തമായി തന്നെ റീമേക്ക് ചെയ്യാന്‍ പ്രിയന്‍ തീരുമാനിച്ചത്. “മുസ്‌കുറാഹത്” എന്ന പേരില്‍ പ്രിയന്‍ അത് ഹിന്ദിയില്‍ വീണ്ടും സംവിധാനം ചെയ്തു. ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവായ പ്രാണ്‍ ലാല്‍ മേഹ്തയുടെ മകന്‍ ജയ് മെഹ്ത ആയിരുന്നു നായകന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ പൊട്ടിപ്പൊളിഞ്ഞു. ഒരുവിധമുള്ള സംവിധായകരെല്ലാം പെട്ടി മടക്കുന്ന സന്ദര്‍ഭം. പക്ഷെ പ്രിയന്‍ തന്റെ തോല്‍വിയെ ബുദ്ധിപൂര്‍വം നിരീക്ഷിച്ചു.തന്റെ സിനിമ കാണാന്‍ വരുന്നവരുടെ സെന്‍സിബിലിറ്റി എന്നത് കണക്കിലെടുക്കാതിരുന്നതാണ് തന്റെ പരാജയം എന്ന് അദ്ദേഹം മനസ്സിലാക്കി. മലയാളി പ്രേക്ഷകരെ പോലെയല്ല ഉത്തരേന്ത്യയിലെ പ്രേക്ഷകര്‍. എല്ലാം അവര്‍ക്കു വിശദമായി തന്നെ കാണിച്ചുകൊടുക്കേണ്ടി വരും. അപ്പോള്‍ വിഷയം സിനിമയുടേതല്ല, തന്റെ സ്‌റ്റൈല്‍ ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
അവിടെ നിന്നാണ് ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളുടെ പിറവി തുടങ്ങിയത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളായ പല സിനിമകളും അദ്ദേഹം ഹിന്ദിയിലേക്ക് മാറ്റി വിജയം കൊയ്തു. കരിയര്‍ പൊട്ടി പൊളിഞ്ഞു നിന്നിരുന്ന അക്ഷയ് കുമാറിനെ ആക്ഷന്‍ഹീറോ പരിവേഷത്തില്‍ നിന്ന് കുടുംബ ചിത്രങ്ങളിലെ നായകനാക്കി. അദ്ദേഹത്തിന്റെ താരമൂല്യം കോടികള്‍ കടന്നു. മുഖം മുഴുവന്‍ മസിലെന്ന് പേര് കേട്ട സുനില്‍ ഷെട്ടിയെ കൊണ്ട് വരെ ഹാസ്യ രംഗങ്ങള്‍ അഭിനയിപ്പിച്ചു.അമിതാഭ് ബച്ചന്‍ , ഷാഹ്റുഖ് ഖാന്‍ , സല്‍മാന്‍ ഖാന്‍ പോലെയുള്ള വന്‍ താരങ്ങള്‍ അദ്ദേഹത്തിന് വേണ്ടി ചിത്രം ചെയ്യാന്‍ മുന്നോട്ടു വന്നു.ഷാരൂഖ് ഖാനെ പോലെയുള്ള വമ്പന്‍ താരങ്ങള്‍ വരെ പ്രിയന്‍ സര്‍ എന്ന് മാത്രം അഭിസംബോധന ചെയ്യുന്ന വിധം അവിടത്തെ സിനിമാക്കാരുടെ ബഹുമാനം പിടിച്ചു പറ്റാന്‍ രണ്ടാം വരവില്‍ അദ്ദേഹത്തിന് കഴിഞ്ഞു. അക്ഷയ് കുമാര്‍ ഇപ്പോളും തന്റെ എല്ലാ വിജയങ്ങള്‍ക്കും പ്രധാന കാരണം പ്രിയന്‍ സര്‍ ആണെന്ന് അവസരം കിട്ടുമ്പോഴെല്ലാം അവര്‍ത്തിക്കാറുമുണ്ട്.
ആ പ്രിയദര്‍ശനാണ് ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം തമിഴില്‍ “നിമിര്‍” എന്ന പേരില്‍ അവതരിപ്പിക്കുന്നത്.അതിന്റെ ട്രെയിലര്‍ കണ്ടിട്ട് “അയ്യേ ഇതെന്തു പടം, മഹേഷിന്റെ ഏഴയലത്തു പോലും വരില്ല” എന്നൊക്കെ അഭിപ്രായപ്പെട്ടവര്‍ മനസ്സിലാക്കേണ്ട കാര്യമിതാണ്.
നിമിര്‍ ഒരു തമിഴ് കൊമേഴ്സ്യല്‍ ചിത്രമാണ്.തമിഴര്‍ക്ക് ഇഷ്ടമായാല്‍ ഇത് അവിടെ ഓടിക്കോളും ഇല്ലെങ്കില്‍ പരാജയപ്പെടും.അല്ലാതെ മഹേഷിന്റെ പ്രതികാരം തമിഴില്‍ എടുത്തു മലയാളികളെ കാണിക്കുകയായിരുന്നില്ലല്ലോ പ്രിയന്റെ ലക്ഷ്യം..!?
ഇപ്പോഴും പ്രിയദര്‍ശനെ വെറുമൊരു കോപ്പിയടി സംവിധായകന്‍ മാത്രമായി കാണുന്നത് ഒരുപക്ഷെ നാം മലയാളികള്‍ മാത്രമായിരിക്കും.സാങ്കേതികമായും കഥ പറച്ചിലിലും അനന്യ സാധാരണമായ ഒരു ശൈലിയുള്ള പ്രതിഭാശാലിയാണ് പ്രിയദര്‍ശന്‍.പല സിനിമകളിലൂടെ അദ്ദേഹം അത് കാട്ടിത്തന്നതുമാണ്.
നിമിര്‍ ഒന്നും അതിനൊരു തടസ്സമല്ല..!
https://www.facebook.com/CinemaParadisoClub/photos/a.589547727840292.1073741825.138638062931263/1502715186523537/?type=3&theater
കടപ്പാസ് സിനിമാ പാരഡീസോ ക്ലബ് ഫെയ്സ്ബുക്ക് പേജ്