എസ്പിബി എന്ന് സംഗീതപ്രേമികള്‍ സ്നേഹപൂര്‍വ്വം സംബോധന ചെയ്യുന്ന ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം ഓർമ്മയായിരിക്കുകയാണ്. ഇപ്പോഴിതാ
അനശ്വര ഗായകൻ എസ്പിബിയുമൊന്നിച്ച് അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ റഹമാന്‍.
റഹമാന്റെ വാക്കുകൾ
എസ്പിബി എന്ന അതുല്യ ഗായകനും ഞാനും ചേട്ടനും അനുജനുമായി അഭിനയിച്ച ചിത്രമുണ്ട്. ‘പാട്ട് പാടവാ’. അദ്ദേഹവുമായി വ്യക്തിപരമായി അടുക്കാന്‍ കൂടുതല്‍ അവസരം കിട്ടിയത് അന്നാണ്. താന്‍ കൂടി അഭിനയിക്കുന്ന ചിത്രമായിട്ടും അദ്ദേഹം തന്റെ മാസ്മരിക ശബ്ദത്തില്‍ എനിക്കുവേണ്ടി അതില്‍ പാടി. അദ്ദേഹത്തിന്റെ ഹിറ്റുകളില്‍ ചിലത് പാടി അഭിനയിക്കാന്‍ അവസരം കിട്ടിയത് ഭാഗ്യമായി. ‘പുതു പുതു അര്‍ത്ഥങ്ങള്‍’ എന്ന ചിത്രത്തിലെ ‘കേളടി കണ്മണി’, ‘കല്യാണ മാലൈ കൊണ്ടാടും പെണ്ണെ’, ‘ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ’ തുടങ്ങിയവ ജനപ്രീതി നേടിയതാണ്. ഗായകനായിരുന്നു ആ ചിത്രത്തിലെ എന്റെ നായക കഥാപാത്രം. ഇളയരാജ സാറും അഭിനയിച്ച ഗാനരംഗത്തില്‍ ഞാന്‍ പാടി അഭിനയിച്ചപ്പോള്‍ മനസ്സില്‍ എസ്പിബി ആയിരുന്നു. നീ പാതി നാന്‍ പാതി എന്ന ചിത്രത്തിലെ നിവേദ എന്ന ഗാനവും എടുത്ത് പറയേണ്ടതാണ്. ആ ഒരു വാക്ക് മാത്രമാണ് ആ പാട്ടിലുള്ളത്. നിവേദാ എന്ന ഒരു വാക്ക് തന്നെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഒരു മുഴുനീള പാട്ടാക്കി അദ്ദേഹം പാടി”. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ്പിബിയെക്കുറിച്ച് നടന്‍ റഹ്മാന്‍ മനസ്സ് തുറന്നത്.