മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ ട്രെയിലർ അപ്ഡേറ്റ് വന്നിരുന്നു. ട്രെയിലർ നാളെ പുറത്തുവിടുമെന്ന് ഉള്ള വാർത്ത മോഹൻലാലിൻറെ തന്നെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ആരാധകർ അറിഞ്ഞത്. നാളെ ഉച്ചയ്ക്ക് 1:08 ആകും ട്രെയിലർ റിലീസ് ചെയ്യുക. ഓരോ അപ്ഡേറ്റിനും മികച്ച പോസ്റ്ററുകൾ കൂടി പുറത്തുവിടുന്ന എമ്പുരാൻ ടീം ഇത്തവണയും പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പൃഥ്വിരാജ് സാക്ഷാൽ രജനികാന്തിനെ കാണിച്ചിരുന്നു.
എന്തായാലും 6 വർഷങ്ങൾക്ക് മുമ്പ് ആരാധകരെ ഞെട്ടിച്ച ലൂസിഫറിന്റെ ട്രെയിലറിനെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന ട്രെയിലർ ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സിനിമയുടെ ഓരോ പോയിന്റിലും വളരെ ശ്രദ്ധിച്ച് ചെയ്യുന്ന പൃഥ്വിരാജ് മാജിക്ക് നാളത്തെ ട്രെയിലർ പുറത്തുവിടുന്ന സമയത്ത് പോലും പ്രകടമാണ്. ഉച്ചക്ക് 1 : 08 എന്ന സമയത്തിന്റെ പ്രത്യേകത ആണ് സോഷ്യൽ മീഡിയയിൽ ആളുകൾ കണ്ടുപിടിച്ചിരിക്കുന്നത്.
വെളിപാടിന്റെ പുസ്തകം 1 ആം അദ്ധ്യായം 8 ആം വാക്യത്തിൽ ഇങ്ങനെ പറയുന്നു- “ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സർവശക്തനുമായ കർത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാൻ ആദിയും അന്തവുമാണ്” ലൂസിഫറിൽ ബൈബിളുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ സിനിമയിൽ ഉടനീളം പങ്കുവച്ചപ്പോൾ അതിലെ ക്ലൈമാക്സ് ഭാഗത്ത് വില്ലനായ ബോബി എന്ന കഥാപാത്രത്തെ കൊല്ലുന്നതിന് മുമ്പ് എസെക്കിയേലിന്റെ സുവിശേഷം 25 : 17 ൽ പറയുന്ന വചനം മോഹൻലാൽ പറഞ്ഞിരുന്നു. അതിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: “ക്രോധം നിറഞ്ഞപ്രഹരങ്ങളാൽ ഞാൻ അവരോടു കഠിനമായി പ്രതികാരം ചെയ്യും. ഞാൻ പ്രതികാരം ചെയ്യുമ്പോൾ ഞാനാണ് കർത്താവ് എന്ന് അവർ അറിയും”
എന്തായാലും ലൂസിഫറിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെ ട്രെയ്‌ലറിലും പൃഥ്വിരാജ് തുടങ്ങിയിരിക്കുകയാണ്. ഞാൻ ആദിയും അന്തവുമാണെന്ന് പറയുന്നത് വഴി, സർവലോകവും ഭരിക്കുന്ന ആൾ ആണ് ഇതിലെ നായകൻ എന്നുള്ള സൂചനയും നമുക്ക് കിട്ടും. ഇത് കൂടാതെ മറ്റൊരു കൗതുകം കൂടി സമയത്തിൽ ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ ഒരു ആരാധകൻ കണ്ടുപിടിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇല്ലുമിനാറ്റിയുടെ തലവൻ എന്നൊക്കെ വിശ്വസിക്കപ്പെടുന്ന ഗാർലിൻ വിൻസന്റ് എന്ന തെക്കേ അമേരിക്കകാരന്റെ ജനിച്ചത് അമേരിക്കൻ സമയം പുലർച്ചക്ക് 3 : 08 നായിരുന്നു. അതായത് ഇന്ത്യൻ സമയം 1 : 08 . എന്തായാലും ബ്രില്ലിയൻസുകൾ ഒളിപ്പിച്ച സമയത്തിന്റെ കാര്യം ഇപ്പോൾ ചർച്ചയാകുന്നു.