ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ വിജയ ചിത്രമാണ് ‘കുറുപ്പ്’. ആഗോള തലത്തില്‍ ചിത്രം നേടിയത് 112 കോടിയാണ് എന്ന വാര്‍ത്ത കൂടി പങ്കുവെയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രം മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. ഒപ്പം ‘കുറുപ്പി’ന്റെ സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്റ്‌മെന്റസുമാണ് സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നല്‍കിക്കൊണ്ടുള്ള കരാറില്‍ ഒപ്പിട്ടത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നാല് ഭാഷകളിലായാണ് സിനിമ എത്തുക എന്നും ഇത് ഒരു റെക്കോര്‍ഡ് ബ്രേക്കിംഗ് ഡീലാണ്, അത് നിങ്ങള്‍ എല്ലാവരും സിനിമയ്ക്ക് നല്‍കിയ സ്‌നേഹത്തിന്റെ സാക്ഷ്യമാണ് എന്നും താരം കുറിച്ചു.
ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് തിയേറ്റര്‍ തുറന്നപ്പോള്‍ ബോക്സ് ഓഫീസിന് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു ‘കുറുപ്പ്’. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.