മലയാളം സിനിമ 2017: ഇവരായിരുന്നു ഈ വര്‍ഷത്തെ മികച്ച കഥാപാത്രങ്ങള്‍

ചില സിനിമകളും അതിലെ ചില കഥാപാത്രങ്ങളും എന്നും നോവായി നിലനില്‍ക്കുന്നവയാണ്. മാസ് കഥാപാത്രങ്ങള്‍ കീഴടക്കിയിരുന്ന ബോക്‌സ്ഓഫീസ് ഇപ്പോള്‍ റിയലിസ്റ്റിക്ക് കഥാപാത്രങ്ങള്‍ക്കായി വഴിമാറിയിരിക്കുകയാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളിലും മനസ്സില്‍ തങ്ങുന്ന ചില കഥാപാത്രങ്ങളുണ്ടായിരുന്നു.ചിലത് റിയലിസ്റ്റിക്ക് കഥാപാത്രങ്ങളാണെങ്കില്‍ മറ്റ് ചിലത് ആടിലെ ഷാജി പാപ്പന്‍ പോലെ വെറൈറ്റി കഥാപാത്രങ്ങളാണ്.

ഗോദയിലെ ക്യാപ്റ്റന്‍

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഗോദ. മണ്‍ഗോദയിലെ ഗുസ്തി മത്സരങ്ങള്‍ അടിസ്ഥാനമാക്കി വികസിപ്പിച്ചിരിക്കുന്ന കഥയിലെ നായകന്‍ രണ്‍ജി പണിക്കര്‍ കഥാപാത്രമായ ക്യാപ്റ്റനാണ്. മികച്ചൊരു കഥാപാത്ര നിര്‍മ്മിതിയാണ് ക്യാപ്റ്റന്റേത്. ബേസില്‍ മനസ്സില്‍ കണ്ട കഥാപാത്രത്തെ അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ രണ്‍ജി പണിക്കര്‍ക്ക് സാധിച്ചു.

തൊണ്ടിമുതലിലെ കള്ളന്‍ പ്രസാദ്, ശ്രീജ, ഭര്‍ത്താവ് പ്രസാദ്

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ കള്ളന്‍ പ്രസാദിനെ ഫഹദ് ഫാസില്‍ അനശ്വരമാക്കി. സജീവ് പാഴൂര്‍ എഴുതിയ തിരക്കഥയില്‍ കള്ളനായി ഫഹദ് റിയലിസ്റ്റിക്ക് പെര്‍ഫോമന്‍സ് നടത്തിയപ്പോള്‍ അതിനൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു സുരാജ് വെഞ്ഞാറംമൂട് കഥാപാത്രം പ്രസാദും കാഴ്ച്ചവെച്ചത്. ഇവരില്‍നിന്ന്് വ്യത്യസ്തമായി എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നതും റിയലിസ്റ്റുക്കമായ പ്രകടനമായിരുന്നു ശ്രീജ എന്ന കഥാപാത്രത്തിലൂടെ നിമിഷാ സജയന്‍ ചെയ്തത്. മലയാള സിനിമയിലെ നായികാ പദവിയിലേക്കുള്ള പടിവാതിലായിരുന്നു നിമിഷയ്ക്ക് ഈ ചിത്രം. നിരൂപക പ്രശംസയ്‌ക്കൊപ്പം ബോക്‌സ് ഓഫീസ് കളക്ഷനും നേടിയ ചിത്രവും അതിലെ കഥാപാത്രങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ടേക്ക് ഓഫിലെ സമീറ

മലയാള സിനിമയിലെ വാര്‍പ്പ് മാതൃകയിലുള്ള കഥാപാത്ര നിര്‍മ്മിതികളില്‍നിന്നും വഴിമാറി സഞ്ചരിച്ചതായിരുന്നു ടേക്ക് ഓഫീലെ സമീറ എന്ന കഥാപാത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അഭിനയിച്ചതിനാണ് ഐഎഫ്എഫ്‌ഐ വേദിയില്‍ പാര്‍വതിക്ക് മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചത്. ഇറാഖില്‍ കുടുങ്ങി പോയ നേഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും മികച്ച സൃഷ്ടികളില്‍ ഒന്നാണ്.

അങ്കമാലി ഡയറീസിലെ അപ്പാനിരവിയും ലിച്ചിയും

അങ്കമാലി ഡയറീസിലെ എല്ലാ കഥാപാത്രങ്ങളും തന്നെ മികച്ച് നില്‍ക്കുന്നവയായിരുന്നു എങ്കിലും വില്ലന്‍ കഥാപാത്രമായി എത്തിയ അപ്പാനി രവി പെര്‍ഫോമന്‍സ് കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റി. ശരത് കുമാറിനെ തേടി നിരവധി അഭിനന്ദനങ്ങളും പുതിയ അവസരങ്ങളും എത്തി. അതോടൊപ്പം തന്നെയാണ് ലിച്ചി എന്ന രേഷ്്മാ അന്നാ രാജന്‍ ചെയ്ത കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടത്. അങ്കമാലി ഡയറീസിലെ ലിച്ചി ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടുള്ള അവരുടെ കഥാപാത്രങ്ങള്‍ പലതും വിമര്‍ശിക്കപ്പെട്ടു.

മായാനദിയിലെ അപര്‍ണ

ആഷിഖ് അബു ചിത്രം മായാനദിയിലെ കേന്ദ്രകഥാപാത്രമാണ് അപ്പു എന്ന് വിളിക്കുന്ന അപര്‍ണ. ഐശ്വര്യാ ലക്ഷ്മിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ ഐശ്വര്യ പക്ഷെ ഒരു നായിക എന്ന നിലയില്‍ പേരെടുത്തത് മായാനദിയിലൂടെയാണ്. പ്രണയവും രാഷ്ട്രീയവും മനുഷ്യബന്ധങ്ങളും കോര്‍ത്തിണക്കിയ അതിമനോഹരമായ കഥയാണ് ആഷിഖ് അബു മായാനദിയിലൂടെ പറയുന്നത്. ശ്യാം പുഷ്‌ക്കറും ദിലീഷ് നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ടൊവീനോ തോമസ് അവതരിപ്പിച്ച മാത്തന്‍ എന്ന കഥാപാത്രവും മികച്ച് നില്‍ക്കുന്നതാണെങ്കിലും പലയിടങ്ങളിലും അപൂര്‍ണമാണ് ആ കഥാപാത്രം.

മിന്നാമിനുങ്ങിലെ അമ്മ

നവാഗതനായ അനില്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നാമിനുങ്ങ്. സുരഭിയും റെബേക്കാ തോമസുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരഭി എന്ന നടിയുടെ അഭിനയജീവിതം പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയ ചിത്രമാണിത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം ഉള്‍പ്പെടെ സുരഭിയെ തേടി എത്തിയത് അംഗീകാരങ്ങളുടെ നീണ്ട നിരയായിരുന്നു. ഈ സിനിമയില്‍ സുരഭി അവതരിപ്പിക്കുന്ന “അമ്മ” കഥാപാത്രത്തിന് പേരില്ലാ എന്ന പ്രത്യേകതയുണ്ട്.

പറവയിലെ ഇമ്രാന്‍

സൗബിന്‍ സാഹിര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത പറവയില്‍ ദുല്‍ഖര്‍ ഗസ്റ്റ് റോള്‍ ആണെന്ന് പറയാം. പക്ഷെ, കഥയുടെ കേന്ദ്രബിന്ദുക്കളില്‍ ഒന്ന് ദുല്‍ഖര്‍ കഥാപാത്രമായ ഇമ്രാനാണ്. ഹൃദയത്തെ സ്പര്‍ശിക്കുകയും ആഴത്തില്‍ സ്വീധിനിക്കുകയും ചെയ്യുന്ന ഈ ചിത്രത്തിനൊപ്പം ഇമ്രാന്‍ എന്ന കഥാപാത്രവും നോവുണ്ടാക്കുന്നുണ്ട്. ദുല്‍ഖറിന്റെ മുന്‍കഥാപാത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തിയ ഇമ്രാനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇച്ചാപ്പിയും ഹസീബും അവരുടെ പ്രാവുകളുമാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്.

ഞണ്ടുകളുടെ നാട്ടില്‍ ഷീലാ ചാക്കോ

ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങി വരവ് നടത്തിയ നടി ശാന്തികൃഷ്ണ അവതരിപ്പിച്ച കഥാപാത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ ഷീലാ ചാക്കോ. നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സംവിധാനം ചെയ്ത ഈ ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമായിരുന്നെങ്കിലും ക്യാന്‍സര്‍ പേഷ്യന്റിന്റെ റോളില്‍ ശാന്തികൃഷ്ണയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റി. സീരിയസായ ഒരു കഥയെ അനാവശ്യ കോമഡികള്‍ കുത്തിനിറച്ച് അലമ്പാക്കിയെന്ന അഭിപ്രായം പലര്‍ക്കുമുണ്ടെങ്കിലും സിനിമ സ്വീകരിക്കപ്പെട്ടു, ഒപ്പം തന്നെ ശാന്തികൃഷ്ണയും.

രക്ഷാധികാരി ബൈജുവിലെ ബൈജു

റിയലിസ്റ്റിക്കായ നാട്ടിന്‍പുറം കഥ പറഞ്ഞ സിനിമയായിരുന്നു രക്ഷാധികാരി ബൈജു. ബിജു മേനോനാണ് ക്ലബ് രക്ഷാധികാരിയായ ബൈജുവിന്റെ വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രം മാത്രമല്ല സിനിമയും മികച്ചതാണ്. ഈ വര്‍ഷത്തെ മികച്ച പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ ഈ ചിത്രവും ഇടംനേടിയിരുന്നു. കുമ്പളം ഗ്രാമത്തിലെ ക്ലബും അതിനോട് അനുബന്ധിച്ചുള്ള കലാകായിക മത്സരങ്ങളും ഗ്രൗണ്ടുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലൈവ് സിങ്ക് സൗണ്ടില്‍ ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു.

കറുത്ത ജൂതന്‍

മട്ടാഞ്ചേരിയിലെ ജൂത ചരിത്രവും അവരുടെ പലസ്തീനിലേക്കുള്ള പാലായനവും മറ്റും വിശദീകരിക്കുന്ന ചിത്രമാണ് കറുത്ത ജൂതന്‍. സലീംകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുകയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ചിത്രം പൂര്‍ണമായും ഓഫ്ബീറ്റ് ചിത്രമാണെന്ന് പറയാം. കൊമേഴ്‌സ്യല്‍ ചേരുവകളൊന്നും ചേര്‍ക്കാതെ ആദ്യാവസാനം ആരോണ്‍ ഇല്യാഹു എന്ന സലീംകുമാര്‍ കഥാപാത്രത്തില്‍ മാത്രം സിനിമ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

ഷാജി പാപ്പന്‍ ആട് 2

ആടിലെ ഷാജി പാപ്പന്‍ കൊച്ചു കുട്ടികളുടെ ഉള്‍പ്പെടെ ഫേവറൈറ്റ് കഥാപാത്രങ്ങളില്‍ ഒന്നാണ്. കഥാപാത്രത്തിന്റെ ആഴം കൊണ്ടോ സാമൂഹിക പ്രസക്തി കൊണ്ടോ അല്ല ഷാജിപാപ്പനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത്. അത് ആ കഥാപാത്രത്തിന്റെ സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടുമാണ്. മണ്ടത്തരങ്ങള്‍ നിര്‍ത്താതെ പറയുന്ന നടുവേദനക്കാരനായ ഷാജിപാപ്പന്‍ മാസ് ഹീറോ അല്ല പക്ഷെ അവരുടെ ഗ്യാങിന്റെ ഹീറോയാണ്. ആടിലെ ഷാജി പാപ്പന്‍ കഥാപാത്രം പോലെ തന്നെ ആട് 2 വിലെ ഷാജി പാപ്പനെയും ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.