പ്രളയം സെറ്റ് ചെയ്തത് 12 ഏക്കര്‍ പുരയിടത്തില്‍, രണ്ട് തവണ ടാങ്ക് പൊട്ടി, എയര്‍ലിഫ്റ്റ് അടക്കം ആര്‍ട്ട് സംഘം നിര്‍മ്മിച്ചത്; '2018' അണിയറപ്രവര്‍ത്തകര്‍

ബോക്‌സോഫീസിലും പ്രളയം സൃഷ്ടിച്ച് ജൂഡ് ആന്തണി ചിത്രം ‘2018’. മുഖ്യമന്ത്രിയെയും സര്‍ക്കാര്‍ സേവനങ്ങളെയും അവഗണിച്ചുവെന്ന വിമര്‍ശനങ്ങള്‍ പ്രചരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചിത്രം 100 കോടിയിലേക്ക് കുതിക്കുന്നത്. മെയ് 5ന് തിയേറ്ററുകളിലെത്തിയ ചിത്രം 75 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയിരിക്കുന്നത്.

2018 എന്ന സിനിമ എങ്ങനെയാണ് സ്‌ക്രീനില്‍ എത്തിച്ചത് എന്ന് പറയുകയാണ് ചിത്രത്തിന്റെ കലാസംവിധായകനായ മോഹന്‍ദാസും ഛായാഗ്രാഹകനായ അഖില്‍ ജോര്‍ജും എഡിറ്റര്‍ ചമന്‍ ചാക്കോയും ഇപ്പോള്‍. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ പ്രതികരിച്ചത്.

വൈക്കത്ത് 12 ഏക്കര്‍ വരുന്ന പുരയിടത്തെ ഭാഗിച്ചാണ് ഗ്രാമത്തിന്റെ സെറ്റ് ഉണ്ടാക്കിയത്. ചെറുതും വലുതുമായ നാല് ടാങ്കുകളാണ് പ്രളയം കാണിക്കാനായി പണിതത്. രണ്ട് തവണ ടാങ്ക് പൊട്ടി ഷൂട്ട് നിന്നു പോയിട്ടുണ്ട്. കടല്‍ രംഗങ്ങള്‍ ടാങ്കില്‍ തന്നെയാണ് ചിത്രീകരിച്ചത്. വിഎഫ്എക്‌സ് കുറച്ച് മാത്രമാണ് ഉപയോഗിച്ചത്.

Image

ബിരിയാണി ചെമ്പിലും ക്യാമറ വച്ച് ഷൂട്ട് ചെയ്തു. 14 വീടുകള്‍ ഉണ്ടാക്കിയിരുന്നു. ഓരോ വീടുകളുടെയും മുന്‍ഭാഗവും പിന്‍ഭാഗവും വേറെ വേറെ വീടുകളാക്കി 28 വീടുകളാക്കി മാറ്റി. പ്രളയത്തിന്റെ 44 സീക്വന്‍സുകളും ഇവിടെയാണ് ചെയ്തത്. ആര്‍ട്ട് സംഘം കൈകൊണ്ട് നിര്‍മ്മിച്ച ഹെലികോപ്റ്റര്‍ ക്രെയ്ന്‍ ഉപയോഗിച്ച് തൂക്കിയാണ് എയര്‍ലിഫ്റ്റ് രംഗം ചിത്രീകരിച്ചത്.

Image

അഭിനേതാക്കള്‍ക്ക് വെള്ളത്തിനടിയില്‍ ഉപയോഗിക്കണ്ട സ്പീക്കറുകളും നല്‍കിയിരുന്നു എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം, 2018 റിലീസ് ചെയ്തതോടെ ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Image