മലയാളത്തിന്റെ ഓസ്‌കര്‍ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ ആദ്യ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ജൂഡ് ആന്തണി ജോസഫിന്റെ ‘2018: എവരിവണ്‍ ഹീറോ’. 265 ചിത്രങ്ങളാണ് ആദ്യ ചുരുക്കപ്പട്ടികയില്‍ ഉള്ളത്. ബോളിവുഡ് ചിത്രം ‘ട്വല്‍ത്ത് ഫെയിലും’ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
നേരത്തെ മികച്ച രാജ്യാന്തര ഫീച്ചര്‍ ഫിലിമിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്ന ‘2018’, എന്നാല്‍ ചിത്രം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചില്ല. ഇതോടെ ഓസ്‌കര്‍ പ്രതീക്ഷകള്‍ അസ്തമിച്ചു എന്നായിരുന്നു വിവരം.
എന്നാല്‍ ഇപ്പോള്‍ എത്തുന്ന ഈ വാര്‍ത്ത ഓസ്‌കര്‍ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല എന്ന് വ്യക്തമാക്കുകയാണ്. ജനുവരി 23നാണ് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക. 265 സിനിമകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകളാകും ഓസ്‌കറില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുക.
ഇന്റര്‍നാഷനല്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം ഗുരു (1997) ആയിരുന്നു. ആദാമിന്റെ മകന്‍ അബു (2011), ജല്ലിക്കെട്ട് (2020) എന്നിവയാണ് ഇന്ത്യയുടെ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാള സിനിമകള്‍.
Read more
സത്യജിത് റായി, എംഎം കീരവാണി എന്നിവര്‍ക്കാണ് ഇന്ത്യന്‍ സിനിമയില്‍ നിന്നും ഓസ്‌കര്‍ ലഭിച്ച ഇന്ത്യക്കാര്‍. എ.ആര്‍ റഹ്‌മാന്‍, റസൂല്‍ പൂക്കുട്ടി, ഗുല്‍സാര്‍, ഭാനു അത്തയ്യ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചത് വിദേശ ചിത്രങ്ങള്‍ക്കായിരുന്നു.