'2018'-ന് തമിഴ് റീമേക്ക് വരുന്നു? സ്‌ക്രീലെത്തുക ചെന്നൈ വെള്ളപ്പൊക്കം, നായകന്‍മാരായി മുന്‍നിര താരങ്ങള്‍

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗംഭീര കളക്ഷനുമായി ബോക്‌സോഫീസില്‍ കുതിക്കുകയാണ് ജൂഡ് ആന്തണിയുടെ ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. കേരളം നേരിട്ട മഹാപ്രളയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. മെയ് 5ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 50 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്.

ചിത്രത്തിന്റെ റീമേക്കിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കാന്‍ തമിഴകം ഒരുങ്ങുന്നുവെന്നാണ് അഭ്യൂഹങ്ങള്‍. 2015ലെ ചെന്നൈ വെള്ളപ്പൊക്കം പ്രമേയമാക്കി ചിത്രം റീമേക്ക് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

തമിഴിലെ മുന്‍നിര നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയ്‌ന്മെന്റ്‌സ് ആണ് ചിത്രം ഒരുക്കാന്‍ ഒരുങ്ങുന്നത്. കാര്‍ത്തി, ചിമ്പു, ജയം രവി, ധനുഷ് തുടങ്ങിയവരാകും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുക. മെയ് 12ന് ആണ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം രാജ്യ വ്യാപകമായി റിലീസിനെത്തുന്നത്.

അതേസമയം, ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രം ആകാന്‍ പോവുകയാണ് 2018 ചിത്രം. റിലീസ് ചെയ്ത് 7 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. 2016ല്‍ പുലിമുരുകന്‍ ബോക്സോഫീസില്‍ ഉണ്ടാക്കിയ അതേ ചലനമാണ് 2018 സിനിമയും ഉണ്ടാക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

Read more

ശനിയാഴ്ച അര്‍ധരാത്രി മാത്രം 67 സ്‌പെഷല്‍ ഷോകളാണ് കേരളത്തിലുടനീളം നടന്നത്. ഞായറാഴ്ചയിലെ 90 ശതമാനം ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ സജീവമായതിന്റെ ആഹ്ലാദത്തിലാണ് തിയേറ്റര്‍ ഉടമകളും. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്‌സോഫിസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.