2018 എന്ന വർഷം മലയാളികൾ എല്ലാക്കാലത്തും ഓർക്കുന്നത് പ്രളയത്തിന്റെ ദുരിതങ്ങളോടെയാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു അത്. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവൺ ഈസ് ഹീറോ’.
ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയാണ് 2018. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് 2018. തെക്കേ അമേരിക്കയിൽ അഞ്ഞൂറോളം തിയേറ്ററുകളിൽ പ്രദർശ ത്തിനൊരുങ്ങുകയാണ് 2018.
ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ സിനിമാ വിൽപന വിഭാഗമായ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കാണ് ‘2018’ സിനിമയ്ക്കു തെക്കേ അമേരിക്കയിലേക്കുള്ള പ്രദർശനം സാധ്യമാക്കിയത്. ഓസ്കർ നോമിനേഷൻ വരാനിരിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുമായി അമേരിക്കയിൽ തിരക്കിലാണ് സംവിധായകൻ ജൂഡ് അന്താണി ജോസഫ്. നിർമ്മാതാവ് വേണു കുന്നപ്പള്ളിയും കൂടെയുണ്ട്.
ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളീ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.