വൈശാഖ്-മമ്മൂട്ടി ചിത്രം ടര്‍ബോ മികച്ച പ്രതികരണങ്ങളാണ് തിയേറ്ററിൽ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡിയും ഇരുകൈയുംനീട്ടി സ്വീകരിച്ചു കഴിഞ്ഞു. തിയേറ്ററുകളിലേക്കുള്ള പ്രേക്ഷകരുടെ തിരക്ക് കാരണം 224 എക്സ്ട്രാ ഷോ ആദ്യ ദിനം പ്രദര്‍ശിപ്പിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയിൽ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50ലധികം ലേറ്റ് നൈറ്റ് ഷോകളുമാണ് ചാർട്ട് ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലയിൽ 40ലധികം ഷോകൾ വിവിധ തിയേറ്ററുകളിലായി ചാർട്ട് ചെയ്തിട്ടുണ്ട്. 2 മണിക്കൂർ 32 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. പോക്കിരിരാജ, മധുരരാജ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ടർബോ.
അതേസമയം, റിലീസിന് മുമ്പേ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലൂടെ ചിത്രം 3.48 കോടി രൂപ ചിത്രം നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.