തലമുറകളെ സ്വാധീനിച്ച മലയാള സിനിമയുടെ നിത്യ ഹരിത നായകന്‍

സിനിമ സ്വപ്‌നം കണ്ട് അബ്ദുല്‍ ഖാദര്‍ എന്ന യുവാവ് മദിരാശിയിലൂടെ കുറേ അലഞ്ഞ് നടന്നിരുന്നു. അങ്ങനെ കാലം കടന്നു പോയ്‌ക്കൊണ്ടിരിക്കവെ ഒരു നിയോഗം പോലെ മലയാള സിനിമയുടെ ചരിത്രം മാറ്റി മറിച്ച ഒരു കൂടിക്കാഴ്ച ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോയില്‍ നടന്നു. സ്റ്റുഡിയോ ഉടമകളായ കെ.വി കോശിക്കും കുഞ്ചാക്കോയ്ക്കും ഒപ്പം നീണ്ടു മെലിഞ്ഞ യുവാവ് സ്റ്റുഡിയോയിലേക്ക് വന്നു. അവിടെ ഉണ്ടായിരുന്ന തിക്കുറിശ്ശിയ്ക്ക് ആ യുവാവിനെ പരിചയപ്പെടുത്തി. തങ്ങളുടെ അടുത്ത സിനിമയുടെ നായകനാണ് ഇദ്ദേഹം എന്നു പറഞ്ഞു കൊണ്ടാണ് പരിചയപ്പെടുത്തിയത്.

ആദ്യ രണ്ടു സിനിമകളുടെ പരാജയത്തിന്റെ ദുഃഖം ആ മുഖത്ത് ഉണ്ടയിരുന്നു. അബ്ദുല്‍ ഖാദര്‍ എന്ന പേര് പറഞ്ഞു കൊണ്ട് യുവാവ് സ്വയം പരിചയപ്പെടുത്തി. ആ പേര് നമുക്കൊന്ന് മാറ്റിയാലോ എന്നായി തിക്കുറിശ്ശി. സംസാരത്തിനൊടുവില്‍ തിക്കുറുശ്ശി ഒരു പേരും നിര്‍ദേശിച്ചു. പ്രേം നസീര്‍! മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ മഹാനടന്റെ തുടക്കം അങ്ങനെയാണ്. 1952 മുതല്‍ 1988 വരെയുള്ള മൂന്നര പതിറ്റാണ്ട് കാലം മലയാളത്തിന്റെ അഭ്രപാളിയില്‍ പകരം വയ്ക്കാനില്ലാത്ത പേരായി പ്രേം നസീര്‍ മാറി.

725 ഓളം സിനിമകള്‍, അതില്‍ 700 സിനിമകളിലും നായകനായി റെക്കോര്‍ഡ് നേടിയ നിത്യഹരിത താരം. സത്യന്റെ മരണത്തിന് ശേഷം ജയന്‍ താരമായി ഉയരുന്നത് വരെ ഏതാണ്ട് ഒരു പതിറ്റാണ്ടോളം മലയാള വാണിജ്യ സിനിമയെ ഒറ്റക്ക് തന്നെയായിരുന്നു നസീര്‍ ചുമലില്‍ ഏറ്റിയത്. ഇക്കാലയളവില്‍ മധുവും സുധീറും വിന്‍സെന്റും രാഘവനും പിന്നീട് സോമനും സുകുമാരനുമെല്ലാം നായകനിരയില്‍ തിളങ്ങിയെങ്കിലും മലയാള സിനിമ പ്രേം നസീറിനു ചുറ്റുമായിരുന്നു പ്രദക്ഷിണം ചെയ്തിരുന്നത്. പ്രണയ നായകനായും സിഐഡി ആയും പ്രേക്ഷക ലക്ഷങ്ങളെ പ്രേം നസീര്‍ കോരിത്തരിപ്പിച്ചിട്ടുണ്ട്.

നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീര്‍ 1951ല്‍ ‘ത്യാഗസീമ’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സത്യന്റെയും നസീറിന്റെയും അരങ്ങേറ്റ ചിത്രമായ ത്യാഗസീമ റിലീസ് ആയില്ല. പിന്നീട് 1952ല്‍ പുറത്തിറങ്ങിയ ‘മരുമകള്‍’ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനില്‍ വരുന്നത്. 1950 കളില്‍ ഒരു താരമായി ഉയര്‍ന്നുവന്ന അദ്ദേഹം 1950 മുതല്‍ 1989ല്‍ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലം വരെ മയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത സൂപ്പര്‍താരങ്ങളില്‍ ഒരാളായി തീര്‍ന്നു. 1985ന് ശേഷം എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ ആഗ്രഹിച്ചതിനാല്‍ നായക വേഷങ്ങളില്‍ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് നസീര്‍ മനപൂര്‍വ്വം വഴിമാറി സഞ്ചരിച്ചിരുന്നു.

ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 130 സിനിമകളില്‍ ഒരേ നായിക, ഷീലക്കൊപ്പം അഭിനയിച്ചതിന് ഗിന്നസ് റെക്കോഡ്‌സില്‍ സ്ഥാനം പിടിച്ചു. കൂടാതെ, 93 നായികമാര്‍ക്കൊപ്പം അഭിനയിച്ചതിന് 1973ലും, 1977ല്‍ 30 സിനിമകളില്‍ വീതം അഭിനയിച്ചതിനും വേറെയും രണ്ടു റെക്കോഡുകള്‍ കൂടിയുണ്ട്. കലയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷന്‍, പത്മശ്രീ എന്നിവ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

അഭിനേതാവില്‍ നിന്നും സംവിധായകനിലേക്ക് ചുവട് മാറാന്‍ ഒരുങ്ങുന്നതിന് ഇടയിലായിരുന്നു പ്രേം നസീറിന്റെ അകാല വിയോഗം. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കിയും ശ്രീനിവാസന്റെ രചനയില്‍ മോഹന്‍ലാലിനെ നായകനാക്കിയും രണ്ട് സിനിമകള്‍ സംവിധാനം ചെയ്യാനുള്ള മുന്നൊരുക്കത്തിലായിരുന്നു അദ്ദേഹം. പക്ഷേ കാലം അതിന് അനുവദിച്ചില്ല. തലമുറകളെ സ്വാധീനിച്ച മലയാള സിനിമയുടെ നിത്യ ഹരിത നായകന് ഓര്‍മ്മപ്പൂക്കള്‍.