കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് വീണ്ടും ഹൈക്കോടതിയുടെ വിലക്ക്. പ്രഥമദൃഷ്ട്യാ പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് വാരാഹരൂപം എന്ന ഗാനം ഉള്‍പ്പെടുത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ജസ്റ്റിസ് എ.ബദറുദ്ദീന്‍ ഉത്തരവിട്ടത്.
വിശദവും നീതിയുക്തവുമായ അന്വേഷണം ഇക്കാര്യത്തില്‍ തികച്ചും അനിവാര്യമായതിനാല്‍, അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍, പ്രതികള്‍ നിരപരാധികളെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. അതിനാല്‍ ‘കാന്താര’ സിനിമയില്‍ ‘വരാഹ രൂപം’ എന്ന ഗാനം സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ പ്രദര്‍ശിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് കിര്‍ഗണ്ടൂര്‍ സംവിധായകന്‍ റിഷബ് ഷെട്ടി എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് വരാഹരൂപം വിലക്കിയിരിക്കുന്നത്. നടന്‍ ഋഷഭ് ഷെട്ടി രചനയും സംവിധാനം നിര്‍വഹിച്ച് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കാന്താര.
ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം മലയാളത്തിലെ സംഗീത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്ന് ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ചര്‍ച്ചകളുണ്ടായിരുന്നു. ഇത് ശരിവെച്ചുകൊണ്ട് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്.