'ഹാരി പോട്ടര്‍, അവതാര്‍, ബാഹുബലി.. ഇവിടെ അത്തരം സിനിമ വന്നാല്‍ പഴി കേള്‍ക്കേണ്ടി വരും'; 'മഹാവീര്യറിനെ പ്രശംസിച്ച് സലാം ബാപ്പു

എബ്രിഡ് ഷൈനിന്റെ മഹാവീര്യര്‍ എന്ന സിനിമയെ പ്രശംസിച്ച് സംവിധായകന്‍ സലാം ബാപ്പു. അവതാര്‍ പോലെയോ ബാഹുബലി പോലെയോ ഉള്ള സിനിമകള്‍ റിലീസ് ചെയ്താല്‍ പലരും സമൂഹ മാധ്യമങ്ങളിലൂടെ വാ തോരാതെ പ്രകീര്‍ത്തിക്കും. അത്തരം പരീക്ഷണങ്ങള്‍ മലയാളത്തില്‍ ഇറങ്ങുന്നില്ല എന്ന് വ്യാകുലപ്പെടും. എന്നാല്‍ ഏതെങ്കിലുമൊരു സംവിധായകന്‍ ഒരു പരീക്ഷണ ചിത്രം ഒരുക്കിയാല്‍ പരമ്പരാഗത രീതിയില്‍ നിന്നും വ്യതിചലിച്ചു എന്ന് അവര്‍ പഴി കേള്‍ക്കേണ്ടി വരുമെന്ന് സലാം ബാപ്പു പറയുന്നു.

സലാം ബാപ്പുവിന്റെ വാക്കുകള്‍:

കടിഞ്ഞാണില്ലാത്ത ഭ്രാന്തമായ സ്വപ്നങ്ങള്‍ നോവലുകളില്‍ പകര്‍ത്തി വെക്കുന്നത് പോലെ തന്നെ ചലച്ചിത്ര ഭാഷ്യവും നല്‍കാന്‍ കഴിയുക എന്നത് എഴുത്തുകാരനെ പോലെ സംവിധായകനും കൊതിക്കാറുണ്ട്. ഹാരി പോട്ടര്‍ നോവല്‍ പോലെ തന്നെ സിനിമയാകുകയും ചെയ്യുമ്പോള്‍ നാം അമ്പരന്ന് ആ കാഴ്ച നമ്മളെ മറ്റൊരു ലോകത്ത് എത്തിക്കുന്നതായി അനുഭവിക്കുന്നു. അവതാര്‍ പോലുള്ള സിനിമകളും നമ്മെ വിസ്മയിപ്പിക്കുന്നു. അത്തരം ചിത്രങ്ങള്‍ ഇന്ത്യയില്‍ ബാഹുബലി പോലെയുള്ള ചിത്രങ്ങളിലൂടെ ആഴത്തില്‍ കടന്ന് വന്ന് കഴിഞ്ഞു. അങ്ങനെ ഭ്രാന്തമായ സ്വപ്നങ്ങള്‍ മലയാളത്തില്‍ ചെയ്യാന്‍ കൊതിക്കുന്ന നിരവധി സംവിധായകരും എഴുത്തുകാരും നമുക്ക് ഉണ്ട്. എന്നാല്‍ അതിനു ആര്‍ക്കൊക്കെ ഭാഗ്യം ലഭിച്ചു?

അത്തരത്തില്‍ അടുത്ത കാലത്ത് വ്യത്യസ്തങ്ങളായ പരീക്ഷണ സിനിമകള്‍ എടുത്ത് നമ്മെ വിസ്മയിപ്പിച്ചിട്ടുള്ളവരാണ് നമ്മുടെ അയല്‍ സംസ്ഥാനക്കാരനായ ശങ്കറും രാജമൗലിയും പ്രശാന്ത് നീലും, മലയാളികള്‍ ആവേശത്തോടെ അത്തരം സിനിമകള്‍ കാണും, കയ്യടിക്കും, വിജയിപ്പിക്കും, നമ്മുടെ ഫിലിം മേക്കേഴ്സ് അവരെ അസൂയയോടെയും ആശ്ചര്യത്തോടെയും ബഹുമാനത്തോടെയും നോക്കി കാണും. നിരൂപകര്‍ മലയാളത്തില്‍ അത്തരത്തില്‍ സിനിമകള്‍ ഇറങ്ങുന്നില്ലെന്ന് പരിഭവിച്ച് ലേഖനമെഴുതും. ഇനി അത്തരത്തില്‍ ഒരു മാറ്റത്തിനായി ഇവിടെ ഏതെങ്കിലും സിനിമ പ്രവര്‍ത്തകര്‍ ശ്രമിച്ചാല്‍ പരമ്പരാഗത രീതിയില്‍ നിന്നും വ്യതിചലിച്ചു എന്ന വലിയ പഴി അവര്‍ കേള്‍ക്കേണ്ടിയും വരും, പിന്നീട് ടെലിവിഷനിലും ഒടിടി പോലുള്ള പ്ലാറ്റ്‌ഫോമുകളിലും അതേ ചിത്രങ്ങള്‍ വരുമ്പോള്‍ അതിനെ വാഴ്ത്തിപ്പാടുന്നതും കാണാം.

പറഞ്ഞ് വരുന്നത് മലയാളി കണ്ടു പരിചയിച്ച സിനിമാകളുടെ വാര്‍പ്പ് മാതൃകകള്‍ പൊളിച്ചെഴുതി പുതിയ പാതയില്‍ വഴിമാറി സഞ്ചരിച്ചു നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ചിത്രം ഈ ആഴ്ച തീയറ്ററില്‍ എത്തിയിരിക്കുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ചലച്ചിത്രാവിഷ്‌കാരമാണ്. താരതമ്യം ചെയ്യാനോ, ഒത്തുനോക്കാനോ ഇതുപോലൊരു സിനിമ മലയാളത്തില്‍ മുമ്പുണ്ടായിട്ടില്ല എന്നുറപ്പിച്ച് പറയാം. ആദ്യ ദിവസം തന്നെ സിനിമ കണ്ടു, ഒരു പ്രേക്ഷകന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും എന്നെ ചിത്രം പിടിച്ചിരുത്തി. പിന്നീട് സിനിമയെ കുറിച്ച് പലതരത്തിലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കണ്ടു. മഹാവീര്യരെ പറ്റി എഴുതാതെ മൗനം പാലിക്കുന്നത് ശരിയല്ല എന്നത് കൊണ്ടാണ് ഈ കുറിപ്പ് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്.

984, ആക്ഷന്‍ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മഹാവീര്യര്‍’. മുന്‍ ചിത്രങ്ങളിലും പുതുമയാര്‍ന്ന പരീക്ഷണങ്ങളിലൂടെ പ്രേക്ഷകരുടെ തള്ളലും തലോടലും ഏറ്റുവാങ്ങി വളര്‍ന്ന സംവിധായകന്‍. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമെല്ലാം മുഖ്യ പ്രമേയമാക്കി നര്‍മ്മ-വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വളരെ വ്യത്യസ്തമായ രീതിയിലാണ് പുതിയ ചിത്രം എബ്രിഡ് ഒരുക്കിയിരിക്കുന്നത്. ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കുമുള്ള സമയ യാത്രയാണ് സിനിമയുടെ പ്രമേയം. സമാന്തരമായ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് ചിത്രം.

രാജാവും രാജാവിന്റെ ഉത്തരവ് പാലിക്കാന്‍ ഇറങ്ങിത്തിരിച്ച മന്ത്രിയും ശകവര്‍ഷം 1783യിലെ രാജഭരണകാലത്തില്‍ നിന്ന് നേരെയങ് 2020 ലെ കോടതി മുറിയിലേക്ക് എത്തുന്നു. തുടര്‍ന്ന് നടക്കുന്ന പൊളിറ്റിക്കല്‍ സറ്റയര്‍ തന്നെയാണ് സിനിമ, അതിനൊരു ബ്ലാക്ക് ഹ്യൂമര്‍ പശ്ചാത്തലവുമുണ്ട്, സമകാലിക രാഷ്ട്രീയത്തെ ആഴത്തില്‍ ചോദ്യം ചെയ്യുവാനുള്ള കെല്‍പ്പമുണ്ട്. അദൃശ്യമായി സമകാലിക രാഷ്ട്രീയവിമര്‍ശനവും സ്വാഭാവികമായ നര്‍മ്മ മുഹൂര്‍ത്തങ്ങളും ആക്ഷേപഹാസ്യവുമൊക്കെ ഇടകലര്‍ത്തിയാണ് എബ്രിഡ് ഷൈന്‍ ‘മഹാവീര്യര്‍’ മനോഹരമായി ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ ഒരു ചെറുകഥയില്‍ നിന്നും സ്വതന്ത്രമായ ഭാവനയുടെ വലിയൊരു ലോകം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ എബ്രിഡ് ഷൈന്‍. ഒരു കലാകാരന്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുകയും അത് അടയാളപ്പെടുത്തുകയും ചെയ്യുമ്പോഴാണു യഥാര്‍ത്ഥ കലാകാരനാവുക. എബ്രിഡ് അവിടെ വിജയിച്ചിരിക്കുന്നു.

ഭരണാധികാരിക്ക് ഒരസുഖം ബാധിച്ചിരിക്കുന്നു, അതിനാല്‍ ഭരണ കാര്യങ്ങളില്‍ ശ്രദ്ധിക്കാനോ ജനങ്ങളെ ശത്രു രാജ്യങ്ങളില്‍ നിന്നും സംരക്ഷിക്കാനോ കഴിയുന്നില്ല. എന്തിന് ഉറക്കവും സുഖവും നഷ്ടപ്പെട്ടിരിക്കുന്നു അതിനുള്ള പ്രതിവിധി തേടി ഉദാരമതിയായ മഹാരാജാവ് പുതിയ കാലത്തെ കോടതിയില്‍ പ്രത്യക്ഷപ്പെടുകയും വിസ്തരിക്കുവാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് കഥാ തന്തു. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയവുമായി പ്രേക്ഷകര്‍ക്ക് എളുപ്പം കണക്ട് ചെയ്യാനാവുന്ന സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ ധാരാളം വരുന്നുണ്ട്. കോര്‍ട്ട് റൂമില്‍ ഒരു സമയത്ത് മൗലികാവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവ ഭരിക്കുന്നവര്‍ തീരുമാനിക്കുന്നുവെന്നും, അധികാര വര്‍ഗ്ഗത്തെ എതിര്‍ക്കുന്നവര്‍ക്ക് നേരെ രാജ്യദ്രാഹം എന്ന ശക്തമായ ആയുധം എങ്ങിനെ ഉപയോഗിക്കുന്നുവെന്നും മഹാവീര്യര്‍ കൃത്യമായി പറയുന്നു. സമകാലിക ഇന്ത്യയെ ഒരു സറ്റയര്‍ ചിത്രം ഉപയോഗിച്ച് എബ്രിഡ് കീറി മുറിക്കുമ്പോള്‍ നമ്മള്‍ സിനിമയിലെ പ്രജയായി മാറുകയാണ്. 1783 ലെ രാജഭരണ കാലത്ത് രാജാവിനും രാജ്യത്തിനും വേണ്ടി കീഴടങ്ങി തൊഴുത് നില്‍ക്കേണ്ടി വന്ന പ്രജയില്‍ നിന്ന് ഈ 2022 ലും ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ജനാധിപത്യത്തില്‍ വോട്ട് ചെയ്യുന്ന നമ്മെ സിനിമ ബോധ്യപ്പെടുത്തുകയാണ്.

കോടതിയിലെ വിസ്താരം ഒരുവേള കഴിഞ്ഞപ്പോള്‍ രാജാവ് കുപിതനായി. ഇനി ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ മതി എന്നു ജഡ്ജിയോട് ഉത്തരവിടുന്നു. തനിക്കെതിരെ സംസാരിച്ച പബ്ലിക് പ്രോസീക്യൂട്ടറോട് അയാളുടെ നാവ് അരിയുമെന്ന് പറഞ്ഞു നിശബ്ദനാക്കുന്നു. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ പ്രജകളുടെ കണ്ണീരു ഊറ്റിയെടുത്ത് കുടിച്ച് മദോന്മത്തരാകുന്ന ഭരണാധികാരികള്‍ക്ക് നേരെ ശക്തമായ സന്ദേശമാണ് ചിത്രം. ഈ അടുത്ത കാലത്തെ കോടതി വിധികളും ഉത്തരവുകളും പഠിച്ചാല്‍ മഹാവീര്യര്‍ എത്ര ആഴത്തിലാണു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതെന്ന് ബോധ്യമാകുന്നുണ്ട്. ഭരണാധികാരിക്ക് വേണ്ടി നിയമവും നീതിയും മറന്ന് രാജാവ് തന്നെയാണു നിയമവും നീതിയും എന്ന് പറയുന്ന ജഡ്ജിനെ നമ്മള്‍ കണ്ട് കൊണ്ടിരിക്കുകയാണല്ലോ.

പ്രജയുടെ കണ്ണീര്‍ വീഴ്ത്തി സുഖം നേടാന്‍ നോക്കുന്ന രാജാവിന് അറിയില്ലായിരുന്നു, ക്രൂരമായി കഷ്ടപ്പെടുത്തി വീഴ്ത്തുന്ന കണ്ണീരിനെക്കാള്‍ ആനന്ദകണ്ണീരിന് മഹത്വം ഉള്ള കാര്യം. കോടതിക്കും അറിയില്ലായിരുന്നു, എന്ത് ചെയ്താലാണ് പ്രജയില്‍ നിന്ന് വേണ്ടത് കിട്ടുക എന്നത്. പ്രജയുടെ മനസ്സ് നിറഞ്ഞാല്‍ മാത്രമേ രാജാവിന് സുഖമായി ഉറങ്ങാനും രാജ്യഭരണം നല്ലരീതിയില്‍ കൊണ്ടുപോകാനും കഴിയൂ എന്നും തല്ല് കൊണ്ടല്ല തലോടല്‍ കൊണ്ടും നിയമം അനുസരിപ്പിക്കുവാന്‍ സാധിക്കും നിവിന്‍ പോളിയുടെ അപൂര്‍ണ്ണനന്ദ എന്ന സന്യാസി തെളിയിക്കുന്നു. രാജാവിന്റെ രാജ്യം ഭരിക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് വിധി പുറപ്പെടുവിച്ച് ജനത്തിന്റെ മുന്നില്‍ കോമാളി ആകുന്ന പുതിയ കാലത്തെ നിയമ വ്യവസ്ഥയെ ചിത്രം പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

കാലങ്ങളില്‍ നിന്ന് കാലങ്ങളിലേക്ക് ടൈം ട്രാവല്‍ നടത്തുന്ന സന്യാസി അപൂര്‍ണാനന്ദനായി നിവിന്‍ പോളി തന്റെ വേഷം മികച്ചതാക്കി, മന്ത്രിയായ വീരഭദ്രനായി ആസിഫ് അലിയെ കാണാന്‍ എന്തൊരു തേജസാണ്, ഉഗ്രസേന മഹാരാജാവായി ലാലും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായി സിദ്ദിഖും പബ്ലിക് പ്രോസിക്യൂട്ടറായി ലാലു അലക്സും മികച്ച പ്രകടനം കാഴ്ചവച്ചു. ഷാന്‍വി ശ്രീവാസ്തവയുടെ ദേവയാനി എന്ന കഥാപാത്രവും പ്രത്യേകശ്രദ്ധ നേടുന്നുണ്ട്, വല്ലാത്ത സ്‌ക്രീന്‍ പ്രസന്‍സോടെ അവര്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. മല്ലിക സുകുമാരന്‍, വിജയ് മേനോന്‍, മേജര്‍ രവി, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും അഭിനയം കൊണ്ട് സാനിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്.

ഫോട്ടോഗ്രാഫര്‍ കൂടിയായ സംവിധായകനു പിന്തുണ നല്‍കാന്‍ ചന്ദ്രു സെല്‍വരാജിന്റെ ഫ്രെയിമുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ സിനിമയുടെ പ്രധാന ആകര്‍ഷണം കണ്ണാടിച്ചില്ലുപോലെ തിളക്കമാര്‍ന്ന ഫ്രയിമുകളാണ്. മലയാള സിനിമയുടെ പരിമിധികള്‍ മറികടന്ന് അതിമനോഹരമായ വിഷ്വലുകള്‍ ഒരുക്കാന്‍ ചിത്രത്തിനു കഴിഞ്ഞു. ലൊക്കേഷന്റെ മനോഹാര്യതക്കൊപ്പം കലാസംവിധാനവും വസ്ത്രാലങ്കാരവും ശബ്ദ മിശ്രണവും മികച്ചു നിന്നു.ചില സിനിമകളുണ്ട് തിയേറ്ററില്‍ അവസാനിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തുടങ്ങുന്നത്. കഥയും, പലരംഗങ്ങളും നമ്മള്‍ പിന്നീട് ആലോചിച്ച് പൂരിപ്പിക്കേണ്ടത്. അങ്ങനെയൊരു സിനിമയാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ആസിഫലി ടീമിന്റെ മഹാവീര്യര്‍. ഈ ചിത്രം ഒരേ സമയം ചിന്തിപ്പിക്കുകയും അതേ സമയം ഒരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുകയും ചെയ്യുന്നു.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍