1993-ലെ ജാപ്പനീസ്-ഇന്ത്യൻ ആനിമേഷൻ ചിത്രമായ “രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” യുടെ പ്രത്യേക പ്രദർശനം ഫെബ്രുവരി 15 ന് പാർലമെൻ്റിൽ സംഘടിപ്പിക്കുമെന്ന് സിനിമാ വിതരണ കമ്പനിയായ ഗീക്ക് പിക്ചേഴ്സ്. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കൊപ്പം പാർലമെൻ്റ് അംഗങ്ങളും സാംസ്‌കാരിക മേഖലകളിലെ പ്രത്യേക ക്ഷണിതാക്കളും സ്‌ക്രീനിംഗിൽ പങ്കെടുക്കുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
“ഈ പ്രദർശനം ഒരു സിനിമയുടെ വെറുമൊരു പ്രദർശനം മാത്രമല്ല, നമ്മുടെ സമ്പന്നമായ പൈതൃകത്തിൻ്റെയും രാമായണത്തിൻ്റെ അനന്തമായ കഥയുടെയും ആഘോഷമാണ്. അത് നമ്മെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു” ഗീക്ക് പിക്‌ചേഴ്‌സിൻ്റെ സഹസ്ഥാപകൻ അർജുൻ അഗർവാൾ പറഞ്ഞു.
“രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” അതിൻ്റെ യഥാർത്ഥ ഇംഗ്ലീഷ് പതിപ്പിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പുതിയ ഡബ്ബുകളോടെ ജനുവരി 24 ന് 4K ഫോർമാറ്റിൽ ഇന്ത്യയിൽ റിലീസ് ചെയ്തിരുന്നു.
യുഗോ സാക്കോ, റാം മോഹൻ, കൊയിച്ചി സസാക്കി എന്നിവർ ചേർന്നാണ് “രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” സംവിധാനം ചെയ്തത്. ആദ്യ ഹിന്ദി പതിപ്പിൽ “രാമായണ” സ്റ്റാർ അരുൺ ഗോവിൽ ആണ് രാമൻ്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത്. നമ്രത സാഹ്നി സീതയായി അഭിനയിച്ചു, അന്തരിച്ച അംരീഷ് പുരി രാവണന് ശബ്ദം നൽകി.
ബാഹുബലി, ബജ്‌രംഗി ഭായ്ജാൻ, ആർആർആർ എന്നിവയ്ക്ക് പേരുകേട്ട തിരക്കഥാകൃത്ത് വി. വിജയേന്ദ്ര പ്രസാദ് ചിത്രത്തിൻ്റെ പുതിയ പതിപ്പുകളുടെ ക്രിയേറ്റീവ് അഡാപ്റ്റേഷൻ്റെ മേൽനോട്ടം വഹിച്ചിട്ടുണ്ട്. “രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” 1993-ലെ 24-ാമത് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ചെങ്കിലും സിനിമാ ഹാളുകളിൽ റിലീസ് ചെയ്തില്ല. 2000-കളുടെ തുടക്കത്തിൽ ടിവി ചാനലുകളിൽ വീണ്ടും പ്രദർശിപ്പിച്ചപ്പോൾ ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ഇത് ജനപ്രിയമായി മാറി.