ദേശീയ പുരസ്‌കാരം: തന്റെ പേരില്ല, റസൂല്‍ പൂക്കുട്ടിയുടെ പേര് മാത്രം, നടപടിക്ക് ഒരുങ്ങി ബിബിന്‍ ദേവ്

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടും അവാര്‍ഡ് പട്ടികയില്‍ സൗണ്ട് മിക്‌സര്‍ ബിബിന്‍ ദേവിന്റെ പേരില്ല. റസൂല്‍ പൂക്കുട്ടിയും ബിബിന്‍ ദേവും ചേര്‍ന്ന് ശബ്ദമിശ്രണം നിര്‍വഹിച്ച ഒത്ത സെരിപ്പ് സൈസ് ഏഴ് എന്ന തമിഴ് ചിത്രത്തിനാണ് മികച്ച റീറെക്കോഡിംഗിനള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

എന്നാല്‍ പുരസ്‌കാര പട്ടികയില്‍ ഉണ്ടായിരുന്നത് റസൂല്‍ പൂക്കുട്ടിയുടെ പേര് മാത്രമായിരുന്നു. പന്ത്രണ്ട് വര്‍ഷത്തിലേറെയായി ശബ്ദമിശ്രണ രംഗത്തുള്ള ബിബിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ് ക്ലെറിക്കല്‍ പിഴവ് കൊണ്ട് അനിശ്ചിതത്വത്തിലായത്.

വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ താനും ബിബിനും ചേര്‍ന്നാണ് പുരസ്‌കാരം പങ്കിടുന്നതെന്ന് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. അവാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ സംഭവിച്ച വീഴ്ച തിരുത്തി, സ്വന്തം പേര് കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് ബിബിന്.

Read more

പ്രൊഡ്യൂസറുടെ കത്തുമായി ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിബിന്‍. യന്തിരന്‍ 2.0, ട്രാന്‍സ്, മാമാങ്കം, ഒടിയന്‍, മാസ്റ്റര്‍പീസ്, കമ്മാരസംഭവം തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ബിബിന്‍ ദേവ് അങ്കമാലി കിടങ്ങൂര്‍ സ്വദേശിയാണ്.