അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ചുനടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്തു. സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് പുരസ്കാരം നടി വഹീദ റഹ്മാന് നൽകി.
മികച്ച സംവിധായകനുള്ള പുരസ്കാരം ‘ഗോദാവരി’ എന്ന മറാത്തി ചിത്രത്തിന്റെ സംവിധായകൻ നിഖിൽ മഹാജൻ ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം ‘പുഷ്പ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അല്ലു അർജുൻ സ്വന്തമാക്കി. ആലിയ ഭട്ട്, കൃതി സനോൺ എന്നിവർക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം.
ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായി എട്ട് പുരസ്കാരങ്ങളാണ് മലയാള സിനിമകൾ നേടിയത്. നായാട്ട് എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ഷാഹി കബീർ ഏറ്റുവാങ്ങി. ഹോം എന്ന സിനിമയിലെ പ്രകടനത്തിന് ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരവും ഏറ്റുവാങ്ങി. കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’ത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
ചവിട്ട്’ എന്ന ചിത്രത്തിന് അരുണ്‍ അശോക്, സോനി കെ.പി എന്നിവര്‍ മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം ‘കണ്ടിട്ടുണ്ടോ’ എന്ന ചിത്രത്തിന്റെ സംവിധായിക അദിതി കൃഷ്ണദാസ് ഏറ്റുവാങ്ങി. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ആര്‍.ആര്‍ ആദര്‍ശ് സംവിധാനം ചെയ്ത ‘മൂന്നാം വളവി’ന് സമ്മാനിച്ചു.