എ.ആര്‍. റഹ്‌മാന്‍ അവതരിപ്പിച്ച പൂനെയിലെ സംഗീതനിശ നിര്‍ത്തിവെപ്പിച്ച് പോലീസ്. അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടു പോയതിലാണ് പോലീസ് ഇടപ്പെട്ടതെന്ന് ലോക്മത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഗംവാടിയിലെ രാജാ ബഹദൂര്‍ മില്ലന് സമീപപ്രദേശത്തായിരുന്നു വേദി. രാത്രി എട്ട് മുതല്‍ 10 വരെയാണ് സംഗീത നിശയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ പത്ത് മണിയ്ക്ക് ശേഷവും പരിപാടി നിര്‍ത്താതെ തുടര്‍ന്നതിനാല്‍ പോലീസ് വേദിയിലെത്തുകയായിരുന്നു.
തന്റെ എക്കാലത്തെയും ഹിറ്റായ ഛയ്യാ ഛയ്യ എന്ന ഗാനം ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു റഹ്‌മാന്‍. അതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ വേദിയിലെത്തി സംഗീത പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.