'ഇവനെയൊക്കെ കണ്ടാല്‍ അറിഞ്ഞൂടെ പൊട്ടനാണെന്ന്'; പലരുടെയും തമാശകള്‍ നമുക്ക് തമാശകളല്ലാത്ത അവസ്ഥ- വൈറല്‍ കുറിപ്പ്

ശാരീരികമായ പ്രശ്‌നങ്ങള്‍ മൂലം അപകര്‍ഷത അനുഭവിക്കുകയും മറ്റുള്ളവരുടെ പരിഹാസത്തിലൂടെ ജീവിതത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നവരുടെ “സിനിമയാണ് തമാശ. തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന വിനയ് ഫോര്‍ട്ട് ചിത്രത്തെ കുറിച്ച് ബബീറ്റോ തിമോത്തി എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. പലരുടെയും തമാശകള്‍ ചിലര്‍ക്ക് തമാശകളല്ലാതെ മാറുന്ന സങ്കടകരമായ അവസ്ഥയെ കുറിച്ചാണ് യുവാവ് തന്റെ കുറിപ്പില്‍ പറഞ്ഞു വയ്ക്കുന്നത്.

ബബീറ്റോ തിമോത്തിയുടെ കുറിപ്പ്…

“ഇവനെയൊക്കെ കണ്ടാല്‍ അറിഞ്ഞൂടെ പൊട്ടനാണെന്ന്. എല്ലാ അമ്മമാര്‍ക്കും അവരവരുടെ മക്കള്‍ നന്നായി പഠിക്കുന്നവരായിരിക്കും. അതുകൊണ്ട് കാര്യമില്ലല്ലോ. എല്ലാവരും ഡോക്ടറും എഞ്ചിനീയറുമൊക്കെയായാല്‍ എങ്ങന്യാ?. കക്കൂസ് കഴുകാനും തെങ്ങ് കയറാനുമൊക്കെ ആള് വേണ്ടേ”

11 വയസ്സുകാരന്റെ അമ്മയ്ക്ക് അതൊരു ഷോക്ക് ട്രീറ്റ്മന്റ് പോലെയായിരുന്നു. അത് വരെ ക്ലാസ്സില്‍ ടോപ്പറായിരുന്ന മകന്‍. ആ അധ്യായനവര്‍ഷം നടന്ന കണക്ക് പരീക്ഷയില്‍ മാര്‍ക്ക് നന്നേ കുറവാണ്… കഷ്ടിച്ച് ജയിച്ചിട്ടുണ്ടെന്ന് മാത്രം. എന്താ സംഭവിച്ചതെന്നറിയാന്‍ സ്‌കൂളില്‍ പോയതാ. കണക്ക് ടീച്ചര്‍ പറഞ്ഞ വാക്കുകള്‍ അവരെ വേദനിപ്പിച്ചു. അവരത് മോനോട് പറഞ്ഞപ്പോള്‍ അവനും വേദനിച്ചു.സുഹൃത്തുക്കളോടൊന്നും പറഞ്ഞില്ല. പറയാന്‍ തോന്നിയില്ല. ഓന്റെ പല്ല് മുന്നിലോട്ട് ഉന്തിയിട്ടായിരുന്നു. ഒരിക്കലും മെരുങ്ങാത്ത കട്ടിയുള്ള മുടിയായിരുന്നു. ലോ ഐ ക്യൂ ആണെന്ന് തെളിയിക്കാന്‍ വേറെ എന്ത് വേണം.

കോന്ത്രമ്പല്ലന്‍, ഷട്ടര്‍ പല്ലന്‍ മുതലായ വിളികളൊക്കെ ചെറുപ്പം മുതലേ കേള്‍ക്കുന്നതാണ്…പല്ലിനെ ആനക്കൊമ്പിനോട് വരെ ഉപമിച്ചിട്ടുള്ള തമാശകള്‍. ടീനേജിലേക്ക് കടന്നപ്പോള്‍ കളിയാക്കലുകളുടെ ഇന്റന്‍സിറ്റിയും കൂടി. പൊതുവേ ആളുകള്‍ ബ്യൂട്ടി കോണ്‍ഷ്യസാവുന്ന പ്രായമാണല്ലോ. ഓനൊരു കൂസലുമുണ്ടായിരുന്നില്ല. പക്ഷേ സമപ്രായക്കാരായ പെണ്‍കുട്ടികളും കളിയാക്കലേറ്റെടുത്തപ്പോള്‍ ഓന്റെ ഹെട്രോ സെക്ഷല്‍ മെയില്‍ ഈഗോയ്ക്ക് ക്ഷതമേറ്റു. ജീനിലൂടെ ഉന്തിയ പല്ല് സമ്മാനിച്ച അമ്മയുടെ ഫാമിലി ട്രീയെ വീട്ടില്‍ വന്ന് കുറ്റം പറഞ്ഞു. അല്ലാതെ ഇപ്പൊ എന്ത് ചെയ്യാനാണ്…17 ആം വയസ്സില്‍ ഒരു ഓര്‍ത്തോഡോന്‍ഡിസ്റ്റ് കൈ വെച്ചതിന് ശേഷമാണ് ഓന്‍ പല്ല് കാണിച്ച് ചിരിക്കാന്‍ തുടങ്ങിയത് തന്നെ. കഥയൊന്നുമല്ല. ഓന്‍ ഞാനായിരുന്നു :)

ബോഡി ഷേമിങ്ങിന്റെ റിസീവിംഗ് എന്‍ഡില്‍ നിന്നിട്ടുള്ളവര്‍ക്കേ അതിന്റെ വേദന മനസ്സിലാകൂ. പലരുടെയും തമാശകള്‍ നമുക്ക് തമാശകളായി തോന്നാത്ത അവസ്ഥ. നമ്മളനുഭവിക്കാത്തതൊക്കെ നമുക്ക് കഥകള്‍ മാത്രമാണല്ലോ. എന്നാല്‍ ആ പ്രായത്തില്‍ ഇതേ ബോഡി ഷേമിങ്ങിന് ഞാന്‍ കുട പിടിച്ചിട്ടുമുണ്ട് എന്നത് വേറെ കാര്യം.

ഒരിക്കല്‍ ക്ലാസ്സില്‍ നിന്ന് ഒരു പയ്യനെ ചോദിച്ചിട്ട് ഉത്തരം പറയാത്തതിന്, മാഷ് ക്ലാസ്സില്‍ നിന്ന് പുറത്താക്കി വരാന്തയില്‍ നിറുത്തി. ട്യൂഷന്‍ ക്ലാസ്സാണ് സന്ധ്യയായിട്ടുണ്ട്. “ഇരുട്ടത്തോട്ട് നിറുത്തിയാല്‍ ഇവനെ കാണാനും പറ്റത്തില്ലല്ലോ” എന്ന മാഷിന്റെ കമന്റ് കേട്ട് തല തല്ലി ചിരിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കിടയില്‍ അത് വീണ്ടും പറഞ്ഞ് ചിരിച്ചിട്ടുണ്ട്.ചെയ്യരുതായിരുന്നു. ഇന്ന് കുറ്റബോധമുണ്ട്. തൊലി നിറത്തിന്റെ പേരില്‍ കളിയാക്കപ്പെട്ട അവന്റെ മാനസ്സികാവസ്ഥ എനിക്ക് മനസ്സിലാവില്ല. നമ്മളനുഭവിക്കാത്തതൊക്കെ നമുക്ക് കഥകള്‍ മാത്രമാണല്ലോ.

തമാശ എന്ന സിനിമ ഇന്നലെ കണ്ടത് മുതല്‍ ഉള്ളിലിതിങ്ങനെ ഉരുണ്ട് കൂടുകയാണ്… കഷണ്ടിയുള്ള ശ്രീനിവാസന്‍ എന്ന കോളേജ് പ്രൊഫസ്സറുടെയും തടിച്ച ശരീര പ്രകൃതിയുള്ള ചിന്നുവിന്റെയും കഥയാണ് തമാശ. മനസ്സ് നിറയ്ക്കുന്ന ഒരു സിനിമ.

ബോഡി ഷേമിംഗ് എത്ര മാത്രം ക്രൂരമാണെന്ന് നമ്മള്‍ ഇനിയും തിരിച്ചറിയാത്തത് എന്ത് കഷ്ടമാണ്…സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവര്‍ക്കറിയാം അതിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന്. സെലിബ്രിറ്റീസിന്റെ ഫോട്ടോയ്ക്കടിയില്‍, ഓണ്‍ലൈന്‍ മഞ്ഞ വാര്‍ത്തകള്‍ക്കടിയില്‍ നമ്മള്‍ നമ്മുടെ തനി സ്വരൂപം കാണിക്കുന്നു. കറുത്ത തൊലി നിറമുള്ളവരെ, തടിച്ച ശരീര പ്രകൃതിയുള്ളവരെ വാക്കുകള്‍ കൊണ്ട് കൊല്ലാതെ കൊല്ലുന്ന പരിപാടി നമ്മള്‍ എത്ര നാളായി തുടരുന്നു.

“ഇവള്‍ക്ക്/ഇവന് ഇതിലും നല്ലത് കിട്ടുമായിരുന്നല്ലോ” എന്ന് ഫോട്ടോ മാത്രം കണ്ട് ആളുകളെ ജഡ്ജ് ചെയ്യുന്ന സ്വഭാവവും നമുക്കിടയില്‍ തന്നെ ഇല്ലേ?

മാറേണ്ടതാണ്… തിരുത്തപ്പെടേണ്ടതാണ്…പണ്ട് ബോഡി ഷെയ്മിംഗ് ചെയ്തിരുന്നു എന്നതോര്‍ത്ത് വിഷമിക്കണ്ട.ഓരോ ദിവസവും സ്വയം തിരുത്താനുള്ള അവസരങ്ങളാല്‍ സമ്പന്നമാണെന്ന് ഓര്‍ത്താല്‍ മതി. പണ്ട് ബോഡി ഷെയ്മിംഗ് ചെയ്തിരുന്നത് ഇനിയും ചെയ്യാനുള്ള ലൈസന്‍സായും എടുക്കരുത്, മഹാബോറാണത്, ക്രൂരമാണത്. തടിച്ചവരുടെയും, കറുത്ത തൊലി നിറമുള്ളവരുടെയും, മുടി നരച്ചവരുടെയും, പല്ലുന്തിയവരുടെയും, വയറു ചാടിയവരുടെയും, കഷണ്ടിയുള്ളവരുടെയും കൂടിയാണീ ലോകം.

ചിന്നുവിനെ പോലെ കേക്ക് തിന്ന്, ശ്രീനി മാഷിനെ പോലെ മസാല ചായ കുടിച്ച്, പ്രണയിച്ച്, തമാശ പറഞ്ഞ്, ഇണങ്ങിയും, പിണങ്ങിയും, ചിരിച്ചും കരഞ്ഞും ആഘോഷിച്ചുമെല്ലാം ജീവിക്കാനുള്ളതാണിവിടം. അത്രയ്ക്ക് മനോഹരമായൊരിടത്ത് ബോഡി ഷെയ്മിങ്ങുകാരുടെ സ്ഥാനം ചപ്പ് ചവറുകള്‍ക്കൊപ്പം മാത്രമാണ്…
തമാശ വെറുമൊരു തമാശയല്ല!

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്