ഡെഡിക്കേഷന്റെ ഹൈയെസ്റ്റ് ലെവല്‍, ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ചിത്രം; 'ആടുജീവിതം' ഇനി ഒ.ടി.ടിയില്‍ കാണാം

16 വര്‍ഷം ബ്ലെസിയും പൃഥ്വിരാജും ടീമും നടത്തിയ സങ്കീര്‍ണമായ ഫിലിം മേക്കിംഗ് യാത്രയുടെ പര്യവസാനമാണ് ‘ആടുജീവിതം’ എന്ന സിനിമ. മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ് ഇപ്പോള്‍.

ജൂലൈ 19ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ചിത്രം ലഭ്യമാകും. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്. സിനിമയ്ക്കായി പൃഥ്വിരാജ് ആദ്യം ശരീരഭാരം കൂട്ടുകയും പിന്നീട് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഭാരം കുറക്കുകയുമാണ് ചെയ്തത്.

കോവിഡ് കാരണം ആടുജീവിതത്തിന് വേണ്ടി രണ്ട് ഘട്ടമായാണ് പൃഥ്വിക്ക് ശരീരഭാരം കുറക്കേണ്ടി വന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീന്‍ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി 72 മണിക്കൂറാണ് പൃഥ്വി ഭക്ഷണം കഴിക്കാതിരുന്നത്. മലയാളത്തില്‍ 2 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ കൂടിയാണ് യഥാര്‍ത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ ആടുജീവിതം.

നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എഴുതിയത്. ഈ കഥ തന്നെയാണ് സിനിമയായതും. ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Read more