ആമിര്‍ ഖാന്‍ നായകനായെത്തുന്ന ‘ലാല്‍ സിംഗ് ഛദ്ദ’യുടെ ട്രെയ്ലര്‍ ഐപിഎല്‍ ഇടവേളയില്‍ റിലീസ് ചെയ്യും. ആമിര്‍ ഖാന്‍ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സ് എന്ന സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം വീഡിയോ പങ്കുവച്ചത്. സാധാരണ സിനിമകളുടെ ട്രെയ്ലര്‍ റീലീസില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ‘ലാല്‍ സിംഗ് ഛദ്ദ’യുടെ ട്രെയ്ലര്‍ എത്തുന്നത്.
മേയ് 29ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഐപിഎല്‍ ഫൈനല്‍ വേദിയില്‍ അവസാനപോരാട്ടത്തിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുക. ഫൈനല്‍ മത്സരത്തിലെ ഒന്നാം ഇന്നിംഗ്‌സിലെ രണ്ടാമത്തെ സ്ട്രാറ്റജിക്ക് ടൈം ഔട്ടില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയും ട്രെയ്ലര്‍ എത്തും.
ഇതിനൊപ്പം തന്നെ ‘ക്രിക്കറ്റ് ലൈവ്’ അവതാരകനായും ആമിര്‍ഖാനുണ്ടാകും. 2020 ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന ‘ലാല്‍ സിംഗ് ഛദ്ദ’ കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു.
നവാഗതനായ അദ്വൈത് ചന്ദാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ കരീന കപൂറാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ദില്ലി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്‌സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.