മഹാഭാരതം സിനിമയാക്കുകയാണ് തന്റെ എറ്റവും വലിയ ആഗ്രഹമെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. ഈ വര്‍ഷത്തോടെ അതിന്റെ പ്രൊഡക്ഷന്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്. വര്‍ഷങ്ങളായുളള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഈ വര്‍ഷം തന്നെ മഹാഭാരതം തുടങ്ങാനായി ആമിര്‍ ഖാന്‍ പദ്ധതിയിടുന്നത്. സിനിമ നിര്‍മ്മിക്കുന്നത് താനായിരിക്കുമെന്നും ചിത്രത്തിന് ഒന്നിലധികം സംവിധായകര്‍ ഉണ്ടാകുമെന്നും താരം പറഞ്ഞു. ലോര്‍ഡ് ഓഫ് ദി റിങ്‌സ് സിനിമയിലേതുപോലെ എല്ലാ ഭാഗങ്ങളും ഒരേസമയം ചിത്രീകരിക്കും.
അതേസമയം ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ആമിര്‍ ഖാന്‍ അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകര്‍ ആരൊക്കെയാവും എന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ എഴുത്ത് പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിന് ശേഷം മാത്രമേ അത് തിയ്യേറ്ററുകളില്‍ എത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി. 1000 കോടിയിലധികം മുതല്‍മുടക്കിലാണ് ആമിറിന്റെ ഈ പ്രോജക്ട് വരുന്നതെന്നും മറ്റ് ഇന്ത്യന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി വമ്പന്‍ ക്യാന്‍വാസിലുളള ഒരു ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നു.
മുന്‍പ് സംവിധായകന്‍ എസ് എസ് രാജമൗലിയും മഹാഭാരതം സിനിമയാക്കുവാനുളള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതേകുറിച്ചുളള അപ്‌ഡേറ്റുകള്‍ സംവിധായകന്‍ പിന്നീട് പുറത്തുവിട്ടിരുന്നില്ല. സിതാരേ സമീന്‍ പര്‍ ആണ് ആമിര്‍ ഖാന്റെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ ഇന്ത്യന്‍ പതിപ്പാണ് ഈ സിനിമ. ജൂണ്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കൂടാതെ ലോകേഷ് കനകരാജിന്റെ രജനീകാന്ത് ചിത്രം കൂലിയിലും അതിഥി വേഷത്തില്‍ ആമിര്‍ ഖാന്‍ എത്തുന്നുണ്ട്. ഓഗസ്റ്റിലാണ് കൂലി തിയേറ്ററുകളിലെത്തുക.