ഫാന്‍സ് വെട്ടുകിളികളോട് ആഷിഖ് അബു: 'വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ'

ഫേസ്ബുക്കില്‍ സ്ത്രീകളെ തെറിവിളിക്കുന്ന ആളുകളെ തനിക്ക് പരിചയം ഇല്ല. പക്ഷേ തന്നെ തെറി പറയുന്നവരോട് ഒന്നേ പറയാനുള്ളുവെന്ന് ആഷിഖ് അബു. “”വേട്ടപ്പട്ടികള്‍ കുരച്ചോട്ടെ, ലാത്തികള്‍ വീശിയടിക്കട്ടെ”” “മായാ നദി” ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഒരുവിഭാഗം നടത്തുന്ന പ്രചാരണങ്ങള്‍ പരാമര്‍ശിച്ചാണ് സംവിധായകനായ ആഷിഖ് അബു മനോരമന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നതിനാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ല. കസബ സിനിമയെക്കുറിച്ച് പാര്‍വതി പറഞ്ഞത് സ്വതന്ത്രമായ നിലപാടുകളാണെന്നും കലാകാരന് സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചാണ് അവര്‍ സംസാരിച്ചതെന്നും ആഷിഖ് പറഞ്ഞു. അല്ലാതെ ആരെയും ടാര്‍ഗറ്റ് ചെയ്തതല്ല. ഇതിശല ചില കാര്യങ്ങള്‍ മമ്മൂക്ക ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പെണ്ണ് സംസാരിക്കുമ്പോള്‍ സൊസൈറ്റിയിലെ പലര്‍ക്കും ഇഷ്ടപ്പെടില്ല. ഇതാണ് ആ വിവാദത്തില്‍ സംഭവിച്ചത്.

“മായാ നദി”യിലെ നായികയെ തീരുമാനിക്കാനായി പല ഓഡിഷനുകള്‍ നടന്നു. അവസാന റൗണ്ടില്‍ മറ്റൊരു പെണ്‍കുട്ടിയെയാണ് തീരുമാനിച്ചത്. പിന്നീട് ഐശ്വര്യയയെ തീരുമാനിക്കുകയായിരുന്നുവെന്നും അദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. സിനിമയുടെ കാര്യത്തില്‍ സൊസൈറ്റി വളരെ സെന്‍സിറ്റീവാണ്. തന്നില്‍ നിന്ന് കൂടുതല്‍ ക്വാളിറ്റി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് മമ്മൂട്ടി നായകനായ ഗാങ്‌സ്റ്റര്‍ എന്ന സിനിമയില്‍ നല്‍കാന്‍ സാധിച്ചിട്ടില്ല.

നേരത്തെ സിനിമ ഇറങ്ങുന്നതിന് മുന്‍പ് ആഷിഖ് അബുവിന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ വലിയ തോതിലുള്ള പ്രചരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നത്. കസബ സിനിമയിലെ സ്ത്രീ വിരുദ്ധമായ സംഭാഷണങ്ങളും രംഗങ്ങളും ചൂണ്ടിക്കാണിച്ച നടി പാര്‍വതിയെ റിമ പിന്തുണച്ചിരുന്നു. ഇതിന്റെ പേരിലായിരുന്നു ആഷിഖ് അബുവിനെതിരെയും മായാനദിയ്ക്കെതിരെയും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപവുമായി രംഗത്തെത്തിയത്. വെറുപ്പ് പ്രചരിപ്പിക്കുന്ന ഒരുകൂട്ടര്‍ സമൂഹ മാധ്യമങ്ങളില്‍ ഉണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു.