സുരേഷ് ഗോപിയുടെ അതേ ശബ്ദം; വൈറല്‍ വീഡിയോയിലെ നായകന്‍ ഇദ്ദേഹമാണ്...

‘ജസ്റ്റ് റിമംബര്‍ ദാറ്റ്’ പോലെ സുരേഷ് ഗോപിയുടെ ഒരുപാട് തീപാറുന്ന സംഭാഷണങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് ഹൃദിസ്ഥമാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ മറ്റൊരു ‘സുരേഷ് ഗോപി’ ആണ് വൈറല്‍. സുരേഷ് ഗോപിയുടെ അതേ ശബദ്മുള്ള യുവാവ് ആണ് ശ്രദ്ധ നേടുന്നത്.

‘നാലാം മുറ’ എന്ന സിനിമയുടെ പ്രതികരണം എടുക്കാനെത്തിയപ്പോഴുള്ള ഈ യുവാവിന്റെ വീഡിയോയാണ് വൈറലായത്. ഇതോടെ ഇദ്ദേഹം സിനിമാ നടനാണോ എന്നായിരുന്നു വീഡിയോ കണ്ട പല ആളുകളുടെയും സംശയം. സിനിമാ നടനല്ലെങ്കിലും യുവാവിന്റെ ജോലിയിലുണ്ട് ഒരു സുരേഷ് ഗോപി ടച്ച്.

അബ്ദുല്‍ ബാസിത് ആണ് ഈ ശബ്ദത്തിനുടമ. എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫിസറാണ് ബാസിത്. പാലക്കാട് സ്വദേശിയായ അബ്ദുല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളിലും മറ്റും ലഹരിവിരുദ്ധ അവബോധം വളര്‍ത്തുന്ന പ്രചരണങ്ങളുടെ മുന്നിലുണ്ട് ബാസിത്.

ബാസിതിന്റെ ലഹരിക്കെതിരെയുള്ള ക്ലാസുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിശേഷങ്ങള്‍ അറിഞ്ഞ് സാക്ഷാല്‍ സുരേഷ് ഗോപിയും ബാസിത്തിനെ നേരിട്ട് കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. സുരേഷ് ഗോപിയുടെ ശബ്ദം മാത്രമല്ല, നടന്റെ അഭിപ്രായങ്ങളിലെ ചടുലതയും വീര്യവും ഇദ്ദേഹത്തിന്റെ വാക്കുകളിലും കാണാം.

സിനിമയുടെ പ്രതികരണം ആരാഞ്ഞെത്തിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ലഹരിക്കെതിരെയാണ് ബാസിത് സംസാരിച്ചത്. ‘ഈ കാലഘട്ടത്തിനു വേണ്ടിയുള്ള ഒരു സന്ദേശം അതിലുണ്ട്. ഡ്രഗ് മാഫിയക്കെതിരെയുള്ള ശക്തമായ പോരാട്ടം യുവതലമുറയില്‍ എത്തിക്കണമെങ്കില്‍ മാധ്യമങ്ങളുടെ പങ്കു വേണം’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

Read more