ഓസ്‌കാര്‍ തിരിച്ചെടുക്കില്ല, പക്ഷേ നടപടിയുണ്ടാകും; വില്‍ സ്മിത്ത് വിഷയത്തില്‍ അക്കാദമി

ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വെച്ച് അവതാരകന്‍ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഓസ്‌കാര്‍ അക്കാദമി. സ്മിത്തിന്റെ നടപടികളെ അപലപിക്കുന്നതായും ഔദ്യോഗികമായി അവലോകനം ആരംഭിച്ചിട്ടുണ്ട് എന്നും വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയെ അക്കാദമി അറിയിച്ചു.

‘കഴിഞ്ഞ രാത്രിയിലെ ഷോയില്‍ മിസ്റ്റര്‍ സ്മിത്തിന്റെ നടപടികളെ അക്കാദമി അപലപിക്കുന്നു. സംഭവത്തെ കുറിച്ച് ഞങ്ങള്‍ ഔദ്യോഗികമായി അവലോകനം ആരംഭിച്ചിട്ടുണ്ട്, ഞങ്ങളുടെ ബൈലോകള്‍, പെരുമാറ്റ മാനദണ്ഡങ്ങള്‍, കാലിഫോര്‍ണിയ നിയമം എന്നിവയ്ക്ക് അനുസൃതമായി തുടര്‍ നടപടികള്‍ സ്വീകരിക്കും’ അക്കാദമി അറിയിച്ചു. അതേസമയം, സ്്മിത്തിന് നല്‍കിയ ഓസ്‌കാര്‍ തിരിച്ചെടുക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സത്യമല്ലെന്നും അക്കാദമി അംഗങ്ങള്‍ പ്രതികരിച്ചിച്ചുണ്ട്.

സംഭവം നടന്നതിന് പിന്നാലെ തന്നെ ട്വിറ്ററിലൂടെ അക്കാദമി പ്രതികരിച്ചിരുന്നു. ‘ഒരു തരത്തിലുമുള്ള അക്രമങ്ങളെയും അക്കാദമി അംഗീകരിക്കുന്നില്ല. 94-ാമത് അക്കാദമി അവാര്‍ഡ് ജേതാക്കളെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആഘോഷിക്കുന്നതില്‍ സന്തോഷം’, എന്നാണ് അക്കാദമി ട്വീറ്റ് ചെയ്തത്.അതേസമയം ക്രിസ് റോക്കിനോട് വില്‍ സ്മിത്ത് നേരിട്ട് മാപ്പ് പറഞ്ഞിട്ടുണ്ട്. അവാര്‍ഡ് ദാന ചടങ്ങിലെ എന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമിക്കാനാവാത്തതുമാണ്. എന്റെ നേരെയുള്ള തമാശകള്‍ ജോലിയുടെ ഭാഗമാണ്. പക്ഷെ ജാദയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു

ക്രിസിനോട് ഞാന്‍ പരസ്യമായി മാപ്പ് പറയാനാഗ്രഹിക്കുന്നു, വില്‍ സ്മിത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. നമുക്കെല്ലാവര്‍ക്കും മനോഹരമാവുമായിരുന്ന ഒരു യാത്രയെ എന്റെ പെരുമാറ്റം കളങ്കപ്പെടുത്തിയതില്‍ ഞാന്‍ ഖേദിക്കുന്നെന്നും വില്‍ സ്മിത്ത് പറഞ്ഞു.

Read more

തന്റെ ഭാര്യയെ കളിയാക്കിയതിനായിരുന്നു വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്.