ആദ്യമായി മലയാളത്തിനു വേണ്ടി ഭരത് അവാര്‍ഡ് നേടിയ പി.ജെ ആന്റണിയുടെ 40-ാം ഓര്‍മദിനം ഇന്ന്

എംടി എഴുതി സംവിധാനം ചെയ്ത “നിര്‍മാല്യ”ത്തിലെ വെളിച്ചപ്പാടിലൂടെ നിറഞ്ഞാടിയ പി.ജ. ആന്റണി. ഒട്ടേറെ നാടകങ്ങളെഴുതിയും സംവിധാനം ചെയ്തും അഭിനയിച്ചും പ്രഫഷണല്‍ നാടകലോകത്തിന് ഏറെ വ്യതിയാനങ്ങള്‍ക്കു തുടക്കമിട്ടു.

കലയോടും ജീവിതത്തോടും വിട്ടു വീഴ്ചയില്ലാത്ത സമീപനമായിരുന്നു പി.ജെയ്ക്ക്. രണ്ടിടങ്ങഴി, റോസി, ഭാര്‍ഗവീനിലയം, നഗരമേ നന്ദി, നദി, തുടങ്ങി അവസാനചിത്രമായ പി.എ. ബക്കറിന്റെ മണ്ണിന്റെ മാറില്‍ വരെ ഒട്ടേറെ ചിത്രങ്ങള്‍. എങ്കിലും നാടകമായിരുന്നു പി.ജെ. ആന്റണിയുടെ ഇഷ്ട തട്ടകം. ജീവിതത്തില്‍ ഒരിക്കലും അഭിനയിച്ചിരുന്നില്ല എന്നതാണ് ആ വ്യക്തിത്വത്തിന്റെ സവിശേഷത. വാക്കിലും നോക്കിലുമുള്ള തന്റേടം അവസാന ശ്വാസം വരെ നിലനിര്‍ത്തിയ പി.ജെ. ആന്റണിയെ മലയാള സിനിമയിലെ പ്രമുഖര്‍ ഓര്‍മ്മിക്കുകയാണിവിടെ-

കവിയൂര്‍ പൊന്നമ്മ ( നിര്‍മാല്യത്തിലെ വെളിച്ചപ്പാടിന്റെ ഭാര്യ)

റോസിയാണ് ആദ്യം ഓര്‍മയില്‍ വരുന്നത്. പി.എന്‍ മേനോന്റെ ആദ്യ സിനിമയായിരുന്നു എന്നാണ് എന്റെ ഓര്‍മ. പിന്നെ എംടിയുടെ നിര്‍മാല്യം. അതില്‍ വെളിച്ചപ്പാടായിരുന്നല്ലോ പി.ജെ. ആന്റണി. വെളിച്ചപ്പാടിന്റെ ഭാര്യയായിട്ടായിരുന്നു ഞാന്‍. സെറ്റില്‍ അദ്ദേഹം വളരെ ഗൗരവക്കാരനായിരുന്നു. ആരോടും സൗഹൃദമൊന്നും കാണിച്ചിരുന്നില്ല. അങ്ങനെ അടുപ്പമൊന്നും കാണിക്കുന്ന പാര്‍ടിയല്ലല്ലോ. ആ ക്യാരക്‌റററിനെ പോലെ തന്നെ എല്ലാരോടും ഒരു ദേഷ്യമോ പുഛമോ ഒക്കെ ഉള്ള പോലെയായിരുന്നു.

സീന്‍ചെയ്തു കഴിഞ്ഞാല്‍ കൂടെയിരുന്നു സംസാരിക്കുന്ന ഏര്‍പ്പാടൊന്നുമുണ്ടായിരുന്നില്ല. റോസി ചെയ്യുമ്പോഴും അങ്ങനെ തന്നയായിരുന്നു. നസീര്‍ സാറൊക്കെയാണെങ്കില്‍ പിന്നെയും എല്ലാവരോടും ഒരേ പോലെയായിരുന്നല്ലോ.
പക്ഷേ വെളിച്ചപ്പാടായിട്ട് പുള്ളി കസറിയഭിനയിച്ചു.നല്ല ഒന്നൊന്തരം ആക്റ്ററായിരുന്നു. അതു നമുക്കു പറയാതിരിക്കാന്‍പറ്റില്ല.

ജോണ്‍പോള്‍

നമുക്കു പ്രവചിക്കാന്‍ കഴിയാത്തതെന്ന് പുറമേ തോന്നുന്നതും എന്നാല്‍ പ്രവചിക്കാന്‍കഴിയാവുന്നതുമായ സ്വഭാവപ്രത്യേകതയായിരുന്നു ആന്റണിയാശാന്റേത്. പ്രതിഷേധ സ്വഭാവം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. “രണ്ടിടങ്ങഴി” സിനിമയില്‍ നായകനായി അഭിനയിക്കുമ്പോള്‍ സെറ്റില്‍ അഭിനേതാക്കള്‍ക്കും സംവിധായകനും കൊടുക്കുന്ന ഭക്ഷണമല്ലാ ജോലിക്കാരായ ഭക്ഷണം വിളമ്പുന്നവര്‍ക്കും ലൈറ്റു പിടിക്കുന്നവര്‍ക്കും ഒക്കെ കൊടുക്കുന്നത് എന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണം കൊടുക്കാന്‍ പി.ജെ. ആന്റണി സമരം തന്നെ ചെയ്തു. നിര്‍മാല്യത്തില്‍ അഭിനയിച്ച് ഭരത് അവാര്‍ഡു നേടി അതു വാങ്ങാന്‍ ദല്‍ഹിയില്‍ ചെന്നപ്പോള്‍ ആ സിനിമയിലെ പ്രധാന കഥാപാത്രമായ രവി മേനോനു ഇരിപ്പിടമില്ല. ഹിന്ദി സിനിമാ രംഗത്തെ ഒരവാര്‍ഡും കിട്ടാത്ത പോപ്പുലര്‍ നടീ നടന്‍മാര്‍ക്കെല്ലാം മുന്‍ നിരയില്‍ സീറ്റുനല്‍കിയിരിക്കുകയാണ്. എന്നാല്‍ പിന്നെ രാഷ്ട്രപതി വരുമ്പോ വഴിയില്‍ നിന്നു അവാര്‍ഡു വാങ്ങിച്ചോളാമെന്നു പറഞ്ഞ് പുള്ളി വാസുദേവന്‍ നായരേയും കൂട്ടി വരാന്തയില്‍ പോയി മുണ്ടും മടക്കി കുത്തി ബീഡിയും വലിച്ചു നിന്നു. സംഘാടകര്‍ കീഴടങ്ങി. രവി മേനോനു സീറ്റു കൊടുത്തു. ഈ സ്വഭാവം മരിക്കും വരെ ആന്റണിയാശാന്‍ നില നിര്‍ത്തി. മരിക്കും മുമ്പ് ഭാര്യയോടും മക്കളോടും പറഞ്ഞു-ചത്തുകഴിയുമ്പോള്‍ ഒരുപാടു പേര് അനുസ്മരണത്തിന്റെ കറുത്ത പതാകേമായിട്ടു വരും. പിന്നെ ഫണ്ടു ശേഖരണം തുടങ്ങും. അതീന്നെങ്ങാനും ഒരണ നിങ്ങ്‌ള് വാങ്ങീന്നറിഞ്ഞാ ശവക്കുഴീന്ന് എഴുന്നേറ്റു വന്ന് ഞാന്‍ നിങ്ങടെ മുഖത്തു ആട്ടിത്തുപ്പും. നാടകത്തിനു വേണ്ടി സമര്‍പ്പിച്ചിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഉള്ളില്‍ നിറയെ നാടകമായിരുന്നു. അതുകൊണ്ടാണ് നിര്‍മാല്യം ചെയ്യുമ്പോ എംടിക്ക് പലപ്പോഴും ആശാനേ അത്രേം വേണ്ട അല്‍പ്പം കുറക്കണം എന്നു റിക്വസ്റ്റു ചെയ്യേണ്ടി വന്നിരുന്നത്. ഒടുവില്‍ പി.ജെ. പറഞ്ഞു, ഇനി എന്നില്‍ നിിന്ന് നാടകം പിഴിഞ്ഞു മാറ്റരുത്. ഞാനില്ലാതെയായിപ്പോകുമെന്ന് . നിര്‍മാല്യം സ്‌ക്രീനിങ് കഴിഞ്ഞപ്പോള്‍ സത്യജിത് റേ എംടിയോടു പറഞ്ഞു- ഗുഡ് ഫിലിം. ആന്‍ഡ് ദാറ്റ് ആക്റ്റര്‍ ഹാസ് ഡണ്‍ ട്രമന്റ്‌ലസ്ലീ വെല്‍. ബട്ട് സം ടൈംസ് ഹീ ബിക്കംസ് തിയറ്ററിക്കല്‍. അപ്പോള്‍ എംടി ഇക്കാര്യം പറഞ്ഞു. ദാറ്റ് ഷോസ് ഹിസ് ജനുവിന്നെസ്. -റേ പറഞ്ഞു.
വാസുദേവ റാവു എന്ന നടന് ചോമനദുഡിയില്‍ ഭരത് അവാര്‍ഡു കിട്ടി. ഒരിന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞു ഐ ഓവ് ദിസ് ടു ദ പെര്‍പോമന്‍സ് ഓഫ് പി.ജെ. ആന്റണി ഇന്‍ നിര്‍മാല്യം.

രാമചന്ദ്രബാബു (നിര്‍മാല്യത്തിന്റെ ഛായാഗ്രാഹകന്‍)_

പി.ജെ ആന്റണിയെ ഞാന്‍ പരിചയപ്പെടുന്നത് റാഗിങ് എന്ന സിനിമയുടെ വര്‍ക്കില്‍ വച്ചാണ്. പിന്നീടാണ് നിര്‍മാല്യത്തിലേക്കു വരുന്നത്. നിര്‍മാല്യത്തിലേക്കു വരുമ്പോ അദ്ദേഹത്തിന് ഈ വെളിച്ചപ്പാടിനെ കുറിച്ച് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. അവരുടെ വേഷം, മൂവ്‌മെന്റ്‌സ് അതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു. അതു കൊണ്ടു തന്നെ ഷൂട്ടിങ് സ്ഥലത്ത് ഒരു വെളിച്ചപ്പാടിനെ കൊണ്ടു വന്നു. അദ്ദേഹം ആ ചുവടുകളും മാനറിസങ്ങളുമൊക്കെ കാണിച്ചു കൊടുത്തു. അതില്‍ നിന്നാണ് പി.ജെ. ആന്റണി എല്ലാം പഠിച്ചത്. വെറ്റില അടക്കയൊക്കെ വച്ച് ദക്ഷിണ നല്‍കിയിട്ടാണ് അദ്ദേഹം തുടങ്ങിയത്. അത്രയ്ക്ക് ഡെഡിക്കേഷന്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മാത്രമല്ലാ വെളിച്ചപ്പാടിന്റെ കാല്‍ ചിിലമ്പ് നല്ല വെയ്‌റ്റൊള്ളതാണ്. അതു വച്ച് തുള്ളുമ്പോള്‍ പലപ്പോഴും കാല്‍ വിരലുകള്‍ പൊട്ടി ചോരയൊക്കെ വന്നിരുന്നു. അതൊന്നും വകവയ്ക്കാതെ ക്‌ളൈമാക്‌സ് സമയത്ത് ശരിക്കും വെളിച്ചപ്പെട്ട പോലെയാണ് പെര്‍ഫോം ചെയ്തത്. അതുകൊണ്ടൊക്കെയാകാം അദ്ദേഹത്തിന് ഇന്ത്യയിലെ മികച്ച നടനുള്ള വഹുമതിയൊക്കെ കിട്ടിയത്. അന്നു ഞാന്‍ കണ്ടതില് ഇത്രേം ഡെഡിക്കേറ്റഡ് ആക്റ്റര്‍ പുള്ളി തന്നെയായിരുന്നു. ഞങ്ങളൊക്കെയായിട്ട് വളരെ ഫ്രണ്ട്‌ലിയായിരുന്നു. പെട്ടെന്ന് ദേഷ്യപ്പെടുമെങ്കിലും അടുത്ത നിമിഷം ശാന്തനാകുമായിരുന്നു. വിരോധം ഉള്ളില്‍ വച്ച് പെരുമാറിയിരുന്നില്ല.

സത്യന്‍ അന്തിക്കാട്

പി.ജെ. ആന്റണിയെ ഓര്‍ക്കുമ്പോ മനസ്സിലാദ്യം വരുന്നത് വെളിച്ചപ്പാടു തന്നെയാണ്. വെളിച്ചപ്പാടിന്റെ രൂപഭാവങ്ങള്‍ പ്രത്യേകിച്ചും മറ്റൊരു മതവിഭാഗത്തില്‍ പെട്ടയാള് ഇത്രയും മനോഹരമായി ഒരു വെളിച്ചപ്പാടിന്റെ ബോഡി ലാംഗ്വേജ് സ്വായത്തമാക്കി എന്നുള്ളതാണ് ആദ്യം സൂചിപ്പിക്കേണ്ട അതിശയകരമായ കാര്യം. ആ മുടി ബായ്്ക്കിലേക്കിട്ടുള്ള നടത്തവും ഒക്കെ. അന്നത്തെ കാലത്തൊക്കെ അത്തരം വെളിച്ചപ്പാടുകളെ ധാരാളം കണ്ടിട്ടുണ്ട്. ഇന്നത് കൊറവാണ്. അന്നത്തെ കാലത്ത് നമ്മുടെ വീടുകളില് പറയെടുക്കാനൊക്കെ അവര് വരുമായിരുന്നു. അതൊരു സംസ്‌കാരത്തിന്റെയൊക്കെ ഭാഗമായിരുന്നു. അങ്ങനെ നമ്മുടെ വീട്ടു പരിസരത്ത് എവിടെയോ കണ്ട വെളിച്ചപ്പാടായിരുന്നു എന്നു തോന്നിക്കുന്ന രീതിയിലായിരുന്നു പി.ജെ. ആന്റണിയുടെ പെര്‍ഫോമന്‍സ്. അതില്‍ നിന്നു വളരെ വ്യത്യസ്തമായിട്ടായിരുന്നു മുറപ്പെണ്ണിലെ കര്‍ക്കശക്കാരനായ അമ്മാവനായിട്ട് അദ്ദേഹം മാറിയത്. എംടിയുടെ തന്നെ രണ്ടു ക്യാരക്റ്റേഴ്സ് രണ്ട് വിധത്തിലാണ് അദ്ദേഹം ചെയ്തത്. പി.ജ. ആന്റണി ശൈലി എന്ന ഒരു ശൈലി തന്നെ പുള്ളിക്കുണ്ടായിരുന്നു. തിലകന്റെ ഗുരുവായിരുന്നു പി.ജെ. ആന്റണി എന്നതു കൊണ്ട് തിലകന്‍ സെറ്റില്‍ വന്നു പറഞ്ഞിരുന്ന കാര്യങ്ങളിലൂടെയാണ് എന്റെ ഓര്‍മയില്‍ പി.ജെ നിറഞ്ഞു നില്‍ക്കുന്നത്. തിലകന്‍ അഭിനയിച്ചു പോകുന്ന എല്ലാ സെറ്റുകളിലും ഒരിക്കലെങ്കിലും പി.ജെ.ആന്റണിയെ കുറിച്ച് ഒരു വാക്കെങ്കിലും പറയാതിരുന്നിട്ടില്ല. അത്രയും ബഹുമാനത്തോടു കൂടിയിട്ടാണ് തിലകന്‍ സംസാരിക്കാറുള്ളത്. നാളെ എന്ന ഒരു സങ്കല്‍പ്പത്തിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുന്നവരാണ് ഇന്നത്തെ പല കലാകാരന്‍മാരും. നാളത്തെ ജീവിതം, നാളത്തെ സൗഭാഗ്യങ്ങള്‍, നാളത്തെ സന്തോഷം. പക്ഷേ, ഇന്നില്‍ തന്നെ ജീവിക്കുകയും ഇന്നില്‍ തന്നെ പൊലിഞ്ഞു പോവുകയും ചെയ്ത ആളായിരുന്നു പി.ജെ. ആന്റണി. തിലകന്‍ ചേട്ടന്‍ പറഞ്ഞിരുന്ന കാര്യങ്ങളില്‍ നിന്നെനിക്കു മനസ്സിലായത് ജീവിതത്തെ സ്ട്രെയ്റ്റായിട്ട് നേരിട്ടിരുന്ന ആളായിട്ടാണ്. അദ്ദേഹത്തിന്റേതായിട്ടുള്ള ആദര്‍ശങ്ങള്‍ , വിശ്വാസങ്ങള്‍- അതായത് മതങ്ങളെ പോലും തന്നെ കീഴ്പ്പെടുത്താന്‍ പി.ജെ. ആന്റണി അനുവദിച്ചിട്ടില്ല.

കെ.എം.ധര്‍മന്‍ (നാടക സംവിധായകന്‍)

“നാടകസ്റ്റേജില്‍ ഒരു കാലം വരെ ഓര്‍ക്കസ്ട്രക്കാരും സ്‌റ്റേജിലുണ്ടാവുമായിരുന്നു. ആ ഏര്‍പ്പാടു നിര്‍ത്തി അവരെ അണിയറയിലേക്കു മാറ്റിയത് പി.ജെ. ആന്റണിയാണ്. പി.ജെ ആന്റണിയ്ക്ക്് ഒരു നാടകം എഴുതാന്‍ അധികം സമയം വേണ്ട. എന്തെങ്കിലും ഒന്ന് ഉള്ളില്‍ തട്ടിയാല്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ അതാ നിമിഷം മുതല്‍ നാടകമായി തുടങ്ങും. പിന്നെ ആരോടെങ്കിലും എഴുതിയെടുക്കാന്‍ പറയും. ഒരു ഒഴുക്കില്‍ അങ്ങനെ പറഞ്ഞു കൊടുക്കും. വിത്ത് ഡയലോഗ്സ്. എന്തിന് നടീനടന്‍മാരുടെ മൂവ്മെന്റ്സ് വരെ ഉള്ളിലുണ്ടാവും. ചിലപ്പോള്‍ നാടകത്തിന്റെ ലാസ്റ്റ് സീന്‍ എഴുതിക്കാണില്ല. അത് റിഹേഴസലിനിടയ്ക്ക് സകല ബഹളങ്ങള്‍ക്കിടയിലിരുന്നും അദ്ദേഹം സ്വസ്ഥമായിരുന്ന് വേഗത്തില്‍ എഴുതിത്തീര്‍ക്കും. എഴുതേണ്ട നാടകത്തിന്റെ ആദ്യത്തെ ഡയലോഗു മുതല്‍ ഉള്ളിലുണ്ടാകും. പലരും പറയുന്ന പോലെ ഒരു മുഴുക്കുടിയനൊന്നുമായിരുന്നില്ല അദ്ദേഹം. മദ്യപിച്ച് നാടകം കളിച്ചിരുന്നില്ല. എന്നാല്‍ നാടകം തീര്‍ന്നിട്ട് കുടിക്കും. നാടകമില്ലാതെ വെറുതെ ഇരുന്ന കാലങ്ങളിലും കുടിച്ചിരുന്നതല്ലാതെ റിഹേഴ്സല്‍ സമയത്തു പോലും അതു തൊട്ടിരുന്നില്ല. നാടകവേദിയോടു വലിയ ബഹുമാനമായിരുന്നു. ഒരിടത്ത് നാടകം കളിക്കുമ്പോള്‍ സ്ഥലത്തെ പ്രമാണിയുടെ മകന്‍ മുന്‍നിരയില്‍ കസേരയിട്ടിരുന്ന് കാലു നീട്ടി സ്്റ്റേജില്‍ വച്ചു. കളിക്കിടയില്‍ തന്നെ ആന്റണി ഒറ്റ തട്ടിന് ആ കാലു താഴെയിട്ടു. നാടകപ്രവര്‍ത്തകനെന്ന നിലയില്‍ സ്വയം അഭിമാനിച്ചിരുന്നു. ഒരിക്കല്‍ ഒരു നാടകം കളിക്കുന്ന സ്ഥലത്ത് പ്രശസ്ത സിനിമാ താരം പി.ജെ. ആന്റണിയുടെ നാടകമെന്ന് ബോര്‍ഡ് വച്ചിരുന്നത് മാറ്റിച്ചിട്ടേ ആന്റണി നാടകം ക ളിച്ചുള്ളു. -“ഞാന്‍ നാടകനടനാണ്. ഒരു സിനിമയിലഭിനയിച്ചതു കൊണ്ട് അങ്ങനെയല്ലാതയാകുന്നില്ല.” എന്നാണ് അദ്ദേഹം പറഞ്ഞത്.

Latest Stories

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ

അമിത്ഷായുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് എക്‌സ്

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ