ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടനയായ ‘അമ്മ’യുടെ പ്രതികരണം വൈകാന്‍ കാരണം നടന്‍ ജഗദീഷ് ആണെന്ന് സംവിധായകന്‍ ജോസ് തോമസ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശക്തമായ നിലപാട് എടുക്കണമെന്ന് വാദിച്ച നടന്‍ തന്നെ പ്രതികരണം വൈകിപ്പിച്ചു എന്നാണ് ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി അംഗം കൂടിയായ ജോസ് തോമസ് വെളിപ്പെടുത്തിയിരിക്കുന്നത്.
ന്യൂസ് 18 കേരളം ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ജോസ് തോമസ് സംസാരിച്ചത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന അന്നു തന്നെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയും മോഹന്‍ലാലുമായി സംസാരിക്കുകയും വാര്‍ത്താസമ്മേളനം നടത്താമെന്ന് പറയുകയും ചെയ്തിരുന്നു.
ബാക്കി കാര്യങ്ങള്‍ റിപ്പോര്‍ട്ട് പഠിച്ചശേഷം തീരുമാനിക്കാമെന്നുമായിരുന്നു ധാരണ. എന്നാല്‍ ജഗദീഷ് ഇടപെടുകയും പത്രസമ്മേളനം നടത്തരുത്, മാധ്യമങ്ങളെ കാണരുത് എന്ന് പറയുകയുമായിരുന്നു. പ്രധാന നടന്മാര്‍ ജഗദീഷിന്റെ വാദം സമ്മതിച്ചു കൊടുക്കുകയായിരുന്നു.
ഇതിന് പിന്നിലെ രാഷ്ട്രീയത്തെ കുറിച്ച് അറിയില്ല. ബി ഉണ്ണികൃഷ്ണനുമായി സംസാരിച്ചപ്പോള്‍ അറിഞ്ഞ വിവരമാണെന്നും ഇക്കാര്യം പുറത്ത് പറയുന്നതിന് മടിയില്ലെന്നും ജോസ് തോമസ് പറഞ്ഞു. അതേസമയം, ജോസ് തോമസിന്റെ വാക്കുകളോട് ജഗദീഷ് പ്രതികരിച്ചിട്ടില്ല.