തമിഴ് ഹാസ്യ താരവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തമിഴില്‍ നാല്‍പ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത മനോബാല 240ല്‍ ഏറെ ചിത്രങ്ങളില്‍ ഹാസ്യ താരമായും വേഷമിട്ടിട്ടുണ്ട്. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
തമിഴ്, കന്നഡ സിനിമകളാണ് സംവിധാനം ചെയ്തിട്ടുള്ളത്. 20 ടിവി പരമ്പരകളും 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ ചികില്‍സയെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു. സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായി സിനിമയില്‍ എത്തിയ മനോബാല 1982ല്‍ ‘ആഗായ ഗംഗ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്.
പിന്നീട് ‘പിള്ളൈ നില’, ‘ഊര്‍കാവലന്‍’, ‘മല്ല് വെട്ടി മൈനര്‍’ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 2000ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. ‘പിതാമഹന്‍’, ‘ചന്ദ്രമുഖി’, ‘യാരടീ നീ മോഹിനി’, ‘തമിഴ് പടം’, ‘അലക്സ് പാണ്ഡിയന്‍’, ‘അരണ്‍മനൈ’ തുടങ്ങിയ ചിത്രങ്ങളില്‍ നടന്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.