ഭാവാഭിനയങ്ങളുടെ 'നെയ്ത്തുകാരൻ' യാത്രയായിട്ട് പതിനാല് വർഷങ്ങൾ

ഭാവാഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഭരത് മുരളി ഓർമ്മയായിട്ട് ഇന്ന് 14 വർഷം. ഒരു നല്ല നടൻ എന്നതിലുപരി, കലാസ്നേഹിയും എഴുത്തുകാരനും വായനക്കാരനും ചിന്തകനും ഉൾപ്പെടെ ഒരു നല്ല വ്യക്തികൂടിയായിരുന്നു അദ്ദേഹം. സ്വാഭാവിക അഭിനയശൈലികൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനയ പ്രതിഭാസമായിരുന്നു അദ്ദേഹം. മാത്രമല്ല, മലയാളിയുടെ പരുക്കൻ യാഥാർഥ്യങ്ങളെ എന്നും വരച്ചുകാട്ടാൻ മുരളിയുടെ കഥാപാത്രങ്ങൾക്ക് സാധിച്ചിരുന്നു.

1954 മെയ് 25ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുടവെട്ടൂർ ഗ്രാമത്തിൽ കൃഷ്ണപിള്ളയുടെയും ദേവകിയമ്മയുടെയും മകനായി ജനനം. കുടവെട്ടൂർ എൽ പി സ്കൂൾ, കൊട്ടാരക്കര തൃക്കണ്ണമംഗലം ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. കുടവെട്ടൂർ എൽപി സക്കൂളിൽ പഠിക്കുന്ന സമയത്ത് അദ്ധ്യാപകൻ സക്കൂളിൽ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്‌റ്റേജിലെത്തുന്നത്. എംജി കോളേജ്, ശാസ്താംകോട്ട ഡിബി കോളേജ് എന്നിവിടങ്ങളിൽ നിന്നും അദ്ദേഹം ബിരുദം നേടി. പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി. തുടർന്ന് ആരോഗ്യവകുപ്പിൽ എൽഡി ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

യുഡി ക്ലർക്കായി കേരള യൂണിവേഴ്സിറ്റിയിലും ജോലി ചെയ്തിട്ടുണ്ട്. ശേഷം നാടക വേദിയിൽ സജീവമാവുകയും ജോലി രാജി വെയ്ക്കുകയും ചെയ്തു. ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് അദ്ദേഹം കടന്നുവന്നത്. സർവീസിൽ ഇരിക്കെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. നരേന്ദ്രപ്രസാദിന്റെ നാട്യ ഗ്രഹത്തിൽ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. എന്നാൽ ഹരിഹരന്റെ ‘പഞ്ചാഗ്നി’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘മീനമാസത്തിലെ സൂര്യൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനയ മികവ് മലയാളികൾ കണ്ടറിഞ്ഞത്. ആകാശദൂത്, ആധാരം, കളിക്കളം, അടയാളം, അസ്ഥികൾ പൂക്കുന്നു ,പുറപ്പാട്,ഏയ് ഓട്ടോ, വിഷ്ണുലോകം, അമരം, ചമ്പക്കുളം തച്ചൻ, വെങ്കലം, പ്രായിക്കര പാപ്പാൻ, കാരുണ്യം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, ദാദാസാഹിബ്, ഗ്രാമഫോൺ, ബാബ കല്യാണി, വിനോദയാത്ര, ഫോട്ടോഗ്രാഫർ, ലാൽസലാം, കൈക്കുടന്ന നിലാവ്, തൂവൽ കൊട്ടാരം, മതിലുകൾ, രക്തസാക്ഷികൾ സിന്ദാബാദ്, വരവേൽപ്പ്, കിരീടം ,സിഐഡി മൂസ, കമലദളം, പത്രം, അടിവാരം കൈക്കുടന്ന നിലാവ്, സൈക്കിൾ, അച്ചൻ കൊമ്പത്ത് അമ്മ വരമ്പത്ത്, സദയം, നാരായം, ഗുരു, കൊച്ചി രാജാവ്, കിലുക്കം കിഴക്കുണരും പക്ഷി, ഉള്ളടക്കം എന്നിങ്ങനെ പോകുന്നു അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകളിൽ ചിലത്.

പ്രേക്ഷകർ നെഞ്ചേറ്റിയ കഥാപാത്രങ്ങൾ മുരളിക്ക് ഇന്ത്യയിലെ മികച്ച നടൻ ഉൾപ്പടെ ഒട്ടനവധി പുരസ്കാരങ്ങളൂം സമ്മാനിച്ചിട്ടുണ്ട്. നെയ്ത്തുകാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 2002ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരവും രണ്ട് തവണ സഹനടനുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.1990ൽ വീരാളിപ്പട്ട്, 1991ൽ അമരം, 2008ൽ പ്രണയകാലം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

മികച്ച ഒരു എഴുത്തുകാരൻ കൂടിയായിരുന്നു മുരളി. അഞ്ചു പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതിൽ അഭിനേതാവും ആശാന്റെ കവിതയും എന്ന പുസ്തകം കേരള സംഗീത നാടക അക്കാദമി അവാർഡ് നേടി.’അഭിനയത്തിന്റെ രസതന്ത്രം’ എന്ന കൃതി ഏറെ നിരൂപകപ്രശംസ നേടിയിട്ടുണ്ട്. 2013ൽ അഞ്ജലി മേനോൻ സംവിധാനം ചെയത് മഞ്ചാടിക്കുരുവാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.

കടുത്ത പ്രമേഹരോഗബാധിതനായിരുന്ന മുരളി 2009 ഓഗസ്റ്റ് 6-ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. അഭിനയിച്ചു തീർക്കാൻ ഒരുപിടി വേഷങ്ങളും നാടകത്തിനായി ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളും ബാക്കിവെച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത