കോവിഡ് പ്രതിസന്ധിക്കിടെ ഷൂട്ടിംഗ് നിലച്ചതോടെ നിരവധി ദിവസവേതനക്കാരുടെ ജോലി കൂടിയാണ് നഷ്ടമായത്. ദുരിതം മറികടക്കാനായി നിര്‍മ്മാണമേഖലയില്‍ പുതിയ ജോലിക്കിറങ്ങിയ മേക്കപ്പ്മാന്‍ റോണിയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. റോണിയുടെ പുതിയ തൊഴിലിനെ അഭിനന്ദിച്ചാണ് രൂപേഷ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
“”ഇത് റോണി, വെള്ളത്തൂവല്‍, ഒരു മെക്‌സിക്കന്‍ അപാരത, പടയോട്ടം സിനിമകളുടെ ചീഫ് മേക്കപ്പ്മാന്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സിനിമ മേഖല അടച്ചപ്പോള്‍ ഞങ്ങള്‍ക്ക് ജോലിയില്ലാതെയായി. എന്നാല്‍ റോണി പരാതി പറഞ്ഞില്ല, പുതിയൊരു ജോലി കണ്ടെത്തി. അവന്‍ അതിജീവിച്ചു. നിന്നില്‍ അഭിമാനം കൊള്ളുന്നു”” എന്നാണ് വീഡിയോ പങ്കുവെച്ച് രൂപേഷ് കുറിച്ചത്.
കോവിഡ് മാറി ഷൂട്ടിംഗ് പുനരാരംഭിക്കുന്നതോടെ റോണി വീണ്ടും ചീഫ് മേക്കപ്പ്മാനായി തിരിച്ചെത്തുമെന്നും രൂപേഷ് കുറിച്ചിട്ടുണ്ട്. “തീവ്രം”, “യൂ ടൂ ബ്രൂട്ടസ്” എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് രൂപേഷ് പീതാംബരന്‍.
“സ്ഫടികം” സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അഭിനയിച്ചാണ് രൂപേഷ് സിനിമയില്‍ എത്തിയത്. ഒരു മെക്‌സിക്കന്‍ അപാരത ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.