നടന്‍ ടിപി മാധവന്‍ ഗുരുതരാവസ്ഥയില്‍

നടന്‍ ടിപി മാധവന്‍ ഗുരുതരാവസ്ഥയില്‍. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടിപി മാധവനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്.

ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍പി പിള്ളയുടെ മകനാണ് ടിപി മാധവന്‍.

തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. 600ല്‍ അധികം സിനിമകളിലും ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. താരംസംഘടനയായ ‘അമ്മ’യുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു ടിപി മാധവന്‍.

Read more