വിജയകാന്തിന്റെ വിയോഗത്തില്‍ മാപ്പ് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടന്‍ വിശാല്‍. വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. താന്‍ വിദേശത്ത് ആയിരുന്നതിനാല്‍ വിജയകാന്തിനോടൊപ്പം അവസാന നിമിഷം ചിലഴിക്കാന്‍ സാധിച്ചില്ല എന്നാണ് വിശാല്‍ പറയുന്നത്.
”ക്യാപ്റ്റന്‍ എനിക്ക് മാപ്പ് നല്‍കണം. ഈ സമയത്ത് താങ്കള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകണമായിരുന്നു. പക്ഷേ എനിക്കത് സാധിച്ചില്ല. എന്നോട് ക്ഷമിക്കണം. എന്നെ പോലുള്ളവര്‍ കരയുന്നത് വളരെ അപൂര്‍വ്വമാണ്. താങ്കളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. താങ്കളുടെ അടുത്തേക്ക് ഒരാള്‍ വിശപ്പോടെ വന്നാല്‍ ഭക്ഷണം നല്‍കും.”
”താങ്കള്‍ ജനങ്ങള്‍ക്ക് എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. രാഷ്ട്രീയക്കാരനും സിനിമാ നടനുമപ്പുറം താങ്കള്‍ ഒരു വലിയ മനുഷ്യനായിരുന്നു. നടികര്‍ സംഘത്തിന് താങ്കള്‍ നല്‍കിയ സഹായങ്ങള്‍ ഒരിക്കലും മറക്കാനാകില്ല. ഒരു നടനായി പേരുകേള്‍ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്നതാണ്.”
”താങ്കള്‍ക്ക് അതിന് സാധിച്ചു. ഞാന്‍ ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കുന്നു” എന്നാണ് വിശാല്‍ എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. ന്യൂമോണിയ ബാധിതനായിരുന്ന വിജയകാന്തിനെ കൊവിഡും ബാധിച്ചിരുന്നു. മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്.
കഴിഞ്ഞ കുറച്ചു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലായിരുന്നു വിജയകാന്ത്. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം.
1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രമാണ് വിജയകാന്തിന്റെ ആദ്യ സിനിമ. 1980ല്‍ പുറത്തിറങ്ങിയ ദൂരത്ത് ഇടി മുഴക്കം എന്ന സിനിമയാണ് വിജയകാന്തിന് തമിഴ് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. പിന്നീടെത്തിയ എസ്.എ ചന്ദ്രശേഖറിന്റെ സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയും വിജയകാന്തിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. 1984ല്‍ വിജയകാന്തിന്റെ 18 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.