95-ാമത് ഓസ്‌കര്‍ നേട്ടത്തിന്റെ നിറവിലാണ് രാജ്യം. ‘നാട്ടു നാട്ടു’ ഗാനത്തിനും ‘ദ എലിഫന്റ് വിസ്പറേഴ്‌സ്’ ഡോക്യുമെന്റിക്കും പുരസ്‌കാരം ലഭിച്ചതിന്റെ ആഘോഷം രാജ്യത്ത് അവസാനിച്ചിട്ടില്ല. എന്നാല്‍ നാട്ടു നാട്ടു ഗാനം ശരിക്കും ഓസ്‌കര്‍ അര്‍ഹിക്കുന്നുണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
ദേശീയ അവാര്‍ഡ് ജേതാവായ നടി അനന്യ ചാറ്റര്‍ജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ചിലര്‍ ചര്‍ച്ചയാക്കുന്നത്. നാട്ടു നാട്ടു നേടിയ ചരിത്ര നേട്ടത്തില്‍ ശരിക്കും സന്തോഷിക്കേണ്ടതുണ്ടോ എന്ന് സംശയം തോന്നുന്നു എന്നാണ് നടിയുടെ പോസ്റ്റ്. ഇതോടെ രാജ്യത്തിന്റെ സുപ്രധാന നേട്ടത്തെ തരംതാണ രീതിയില്‍ കണ്ടെന്നായി ചിലരുടെ വിമര്‍ശനം.
”എനിക്ക് മനസ്സിലായില്ല, ‘നാട്ടു നാട്ടു’വില്‍ അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്? നമ്മുടെ ശേഖരത്തിലുള്ള ഏറ്റവും മികച്ചത് ഇതാണോ? രോഷം അറിയിക്കുന്നു” എന്നാണ് അനന്യ കുറിച്ചിരിക്കുന്നത്.
പിന്നാലെ നടിയെ വിമര്‍ശിച്ചും പരിഹസിച്ചു കൊണ്ടുമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ‘രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു പാട്ടിനെ വിമര്‍ശിക്കാതെ ബംഗാളി സിനിമയെ ലോക പ്രേക്ഷകരില്‍ എത്തിക്കാന്‍ നോക്കൂ’ എന്നിങ്ങനെയുള്ള കമന്റുകളാണ ലഭിക്കുന്നത്.
അതേസമയം, ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് നാട്ടു നാട്ടു ഓസ്‌കര്‍ നേടിയത്. സംഗീത സംവിധായകന്‍ എം.എം കീരവാണിയും രചയിതാവ് ചന്ദ്രബോസും ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നാണ് ആര്‍ആര്‍ആര്‍ ചിത്രത്തിലെ ഈ ഗാനം ആലപിച്ചത്.