സഹോദരി അഞ്ജനയുടെ വിവാഹ നിശ്ചയം ആഘോഷമാക്കി നടിയും അവതാരകയുമായ ആര്യ. അഖില്‍ ആണ് അഞ്ജനയുടെ വരന്‍. തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ വച്ച് നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും സിനിമാ രംഗത്തെ ആര്യയുടെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
വീണ, പ്രദീപ്, സുരേഷ്, ദീപന്‍ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തി. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അച്ഛന്റെ അഭാവത്തില്‍ ആ സ്ഥാനത്തു നിന്നാണ് ആര്യ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. അപ്രതീക്ഷിതമായി അച്ഛനെ നഷ്ടപ്പെട്ടതിനെ കുറിച്ച് പല അഭിമുഖങ്ങളിലും ആര്യ വികാരധീനയാവാറുണ്ട്.
അനിയത്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃദ്യമായ കുറിപ്പും ആര്യ പങ്കുവച്ചിട്ടുണ്ട്. ഈ ദിവസത്തില്‍ ഏറ്റവും സന്തോഷവാനും എക്‌സൈറ്റഡുമായിരിക്കും അച്ഛന്‍. അച്ഛന്‍ നിനക്ക് വേണ്ടി ചെയ്യുന്നത് പോലെ ചെയ്യാന്‍ എനിക്കാവില്ലെന്ന് അറിയാം.
എന്നെക്കൊണ്ട് കഴിയാവുന്നത് ഈ ദിവസത്തേക്കായി ഞാന്‍ നിനക്കായി ചെയ്തിട്ടുണ്ട്. അച്ഛന്‍ ആഗ്രഹിച്ച കാര്യമാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. ഇനിയങ്ങോട്ടുള്ള നിങ്ങളുടെ ജീവിതം മനോഹരമായിരിക്കട്ടെ എന്നാണ് ആര്യ കുറിച്ചത്.