ഇനി മകനൊപ്പം തനിച്ചല്ല, കൂട്ടിനൊരാള്‍ കൂടി; ചിത്ര നായര്‍ വീണ്ടും വിവാഹിതയായി

നടി ചിത്ര നായര്‍ വിവാഹിതയായി. ‘ന്നാ താന്‍ കേസ് കൊട്’, ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ചിത്ര. നടിയുടെ വിവാഹവീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രനടയില്‍ വച്ച് വിവാഹിതയാവുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

അതേസമയം, വരന്റെ പേരോ വിവരങ്ങളോ ചിത്ര ഷെയര്‍ ചെയ്തിട്ടില്ല. മൂന്ന് മാസത്തിന് മുമ്പ് തനിക്ക് ഒരു ഇഷ്ടമുണ്ട് എന്ന വിവരം മറ്റൊരു ചിത്രത്തിലൂടെ ചിത്ര പങ്കുവച്ചിരുന്നു. എന്നാല്‍ കൂടെയുള്ള ആള്‍ ആരെന്ന വിവരം ചിത്ര പുറത്തുവിട്ടിരുന്നില്ല. വിവാഹവിശേഷവും പങ്കുവച്ച ദൃശ്യങ്ങളോടൊപ്പം വരന്റെ പേര് പോലും ചിത്ര പങ്കുവച്ചിട്ടില്ല.

ഫോട്ടോഗ്രാഫറെയും തനിക്ക് മേക്കപ്പും വസ്ത്രങ്ങളും ചെയ്തു നല്‍കിയവരെ പോലും ടാഗ് ചെയ്‌തെങ്കിലും ചിത്ര നായര്‍ വരന്‍ ആരെന്ന കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല. രാജേഷ് മാധവന്‍ ഉള്‍പ്പെടെ നിരവധി സുഹൃത്തുക്കള്‍ ചിത്രയ്ക്ക് ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

ചിത്രയുടെ രണ്ടാം വിവാഹമാണിത്. അദ്വൈത് എന്നാണ് മകന്റെ പേര്. ഒരു അഭിമുഖത്തില്‍ ആയിരുന്നു ചിത്ര തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞത്. 20-ാം വയസില്‍ വിവാഹിതയായ ചിത്ര 8 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് വിവാഹമോചിതയായത്.

Read more