തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി, ഉമിനീര് ഇറക്കാന്‍ പോലും അവള്‍ മറന്നു പോയി; നടി കനകലതയുടെ ജീവിതം

ഒരു കാലത്ത് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു നടി കനകലത. മലയാളത്തിലും തമിഴിലുമായി 350ല്‍ അധികം സിനിമകളില്‍ കനകലത വേഷമിട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച് കിടപ്പിലാണ് കനകലത ഇപ്പോള്‍. ഗൃഹലക്ഷ്മിയിലാണ് കനകലതയുടെ ജീവിതത്തെയും അസുഖത്തെയും കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയത്.

2021 മുതലാണ് ഈ രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുകൊണ്ടിരുന്നത്. ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ അടച്ചു പൂട്ടിയിരുന്നപ്പോള്‍ വിഷാദവസ്ഥയിലേക്ക് എത്തിയതാണ് എന്നായിരുന്നു ആദ്യം വിചാരിച്ചത് എന്നാണ് കനകലതയുടെ സഹോദരി വിജയമ്മ പ്രതികരിക്കുന്നത്.

ഉറക്കം കുറഞ്ഞതു കൊണ്ട് അസ്വസ്ഥത കൂടി വന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സൈക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെന്‍ഷ്യയുടെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. പരുമല ഹോസ്പിറ്റലില്‍ കാണിച്ച് എം.ആര്‍.എ സ്‌കാനിംഗ് നടത്തി, തലച്ചോറ് ചുരുങ്ങുകയാണെന്ന് കണ്ടെത്തി.

കഴിഞ്ഞ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ അവള്‍ അവിടെ ഐസിയുവിലായിരുന്നു. അവള്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. ഉമിനീര് പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി.

Read more

പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോള്‍ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും പറയില്ല. നിര്‍ബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോള്‍ കഴിക്കും, അല്ലെങ്കില്‍ തുപ്പിക്കളയും. അതുമല്ലെങ്കില്‍ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു എന്നിങ്ങനെയാണ് നടിയുടെ സഹോദരി കനകലതയുടെ അസുഖത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.