വയനാട്ടില്‍ നടന്ന ദുരന്തത്തില്‍ നിന്ന് താനും കുടുംബവും സുരക്ഷിതരാണെന്ന് പറഞ്ഞ് സീരിയല്‍ താരം മോനിഷ. എന്നാല്‍ താരം പങ്കുവച്ച വീഡിയോക്ക് താഴെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. രാവിലെ മുതല്‍ നിര്‍ത്താതെ കനത്ത മഴ പെയ്യുകയാണ്, കാണാന്‍ നല്ല ഭംഗിയുണ്ട് എന്ന് പറഞ്ഞ് നടി പറഞ്ഞതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
”ഞാന്‍ ഈ വീഡിയോ എടുത്തത് രണ്ട് ദിവസം മുമ്പാണ്. ഇന്ന് വയനാടിന്റെ മുഴുവന്‍ സാഹചര്യവും മാറി. എന്റെ കുടുംബവും ഞാനും ഇവിടെ സുരക്ഷിതരാണ്” എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവച്ചത്. എന്നാല്‍ തമിഴില്‍ സംസാരിച്ച നടിയുടെ വാക്കുകള്‍ വിവാദമാവുകയാണ്.
”തമിഴ്‌നാട്ടില്‍ മഴ പെയ്യുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, പക്ഷേ എന്റെ നാടായ വയനാട്ടില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. നല്ല തണുപ്പാണ്. രാവിലെ മുതല്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. ഈ കാഴ്ച കാണാന്‍ നല്ല ഭംഗിയുണ്ട്” എന്നാണ് മോനിഷ വീഡിയോയില്‍ പറയുന്നത്.
ഈ ദുരന്ത സമയത്ത് ഇത്തരമൊരു വീഡിയോ ഇട്ടതിന് നടിയെ വിമര്‍ശിക്കുകയാണ് പലരും. അതേസമയം, മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മോനിഷ സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. മലയാളത്തില്‍ ചാക്കോയും മേരിയും എന്ന പരമ്പരയിലും മോനിഷ വേഷമിട്ടിട്ടുണ്ട്.
വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന അരണ്‍മനൈ കിളി എന്ന പരമ്പരയിലൂടെയായിരുന്നു തമിഴിലേക്ക് ചേക്കേറിയ മോനിഷ ഇപ്പോള്‍ തമിഴ് താരമായാണ് അറിയപ്പെടുന്നത്. അതുകൊണ്ടാണ് വീഡിയോയില്‍ മോനിഷ തമിഴില്‍ സംസാരിച്ചതും.