തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിയിക്കുന്ന രേഖകകള്‍ പുറത്ത്. മലപ്പുറത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ കുന്നംകുളത്ത് വച്ച് യദു അശ്ലീല ഭാഷയില്‍ മോശമായി സംസാരിച്ചതിനെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ കഴിഞ്ഞ ദിവസം റോഷ്‌ന തുറന്നു പറഞ്ഞിരുന്നു.

എന്നാല്‍ അങ്ങനൊരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും വഴിക്കടവ് സര്‍വീസ് നടത്തിയതായി ഓര്‍മയില്ലെന്നും ഡിപ്പോയില്‍ പരിശോധിച്ചാലേ ഇത് പറയാന്‍ കഴിയുകയുള്ളൂവെന്നും യദു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് റോഷ്‌നയുടെ ആരോപണം തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നത്.

തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്കുള്ള യാത്ര ജൂണ്‍ 18ന് ആയിരുന്നു. മടക്കയാത്ര ജൂണ്‍ 19നും. ജൂണ്‍ 19ന് കുന്നംകുളത്ത് വെച്ച് യദു മോശമായി പെരുമാറിയെന്നാണ് റോഷ്നയുടെ ആരോപണം. സംഭവത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി.

ദീര്‍ഘമായ കുറിപ്പിലാണ് റോഷ്ന പ്രതികരിച്ചത്. സഹോദരനൊപ്പം മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകവെയാണ് കെഎസ്ആര്‍ടിസി ബസ് തുടര്‍ച്ചയായി ഹോണ്‍ അടിച്ച്, ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ കാറിനെ മറികടന്ന് പോയി.

ഹോണ്‍ അടിച്ചപ്പോള്‍ പെട്ടന്ന് നടുറോഡില്‍ ബസ് നിര്‍ത്തി, സ്ത്രീ ആണെന്ന പരിഗണന പോലും തരാതെ മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. റോഡില്‍ സ്ഥിരം റോക്കി ഭായ് കളിക്കുന്ന ഡ്രൈവര്‍ ആണ് യദു എന്നായിരുന്നു റോഷ്‌ന പറഞ്ഞത്.

Read more