മമ്മൂട്ടിയെ പ്രധാന കാഥാപാത്രമാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. ഇപ്പോഴിതാ 2007 ൽ കണ്ണൂർ സ്ക്വാഡ് രൂപീകരിച്ച എ. ഡി. ജി. പി എസ് ശ്രീജിത്തും കണ്ണൂർ സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരും സിനിമ കണ്ട് അഭിപ്രായമറിയിച്ചിരിക്കുകയാണ്. ഇടപ്പള്ളി വനിതാ തിയേറ്ററിൽ നിന്നുമാണ് ഇവർ സിനിമ കണ്ടത്. ചിത്രം ഒരുപാട് ഇഷ്ടമായെന്നും എല്ലാവരും തയ്യാറാണെങ്കിൽ രണ്ടാം ഭാഗത്തിനുള്ള കഥകൾ ഇനിയുമുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു.
“വളരെ നല്ല സിനിമയാണ് കണ്ണൂർ സ്ക്വാഡ്. ഒൻപത് പേരാണ് യാഥാർത്ഥ കണ്ണൂർ സ്ക്വാഡിൽ ഉണ്ടായിരുന്നത്. യഥാർത്ഥ സ്ക്വാഡിലെ അംഗങ്ങളായ ബേബിയും ഷൌക്കത്തുമൊന്നും ഇന്നുവരെ മേലുദ്യോഗസ്ഥരോട് തിരിച്ച് സംസാരിച്ചിട്ടില്ല. അത് മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഞങ്ങൾ പോലീസുകാർ അങ്ങനെ തിരിച്ചൊന്നും സംസാരിക്കാറില്ല. പക്ഷേ വളരെ നല്ല സിനിമയാണ്. വളരെ റിയലിസ്റ്റിക്. പ്രത്യേകിച്ച് ആദ്യ പകുതി.
ഒരുപാട് പരിക്കുകളുമായിട്ടാണ് ഞങ്ങൾ തിരിച്ചുവരാറുള്ളത്. പൊലീസിനെ കുറിച്ചുള്ള ജനങ്ങളുടെ മനസിലെ പ്രതിച്ഛായ മാറ്റിയെടുക്കാൻ ഈ സിനിമ സഹായിക്കും എന്ന കാര്യത്തിൽ തർക്കമില്ല. പൊലീസ് കഥകൾ സിനിമയാക്കണമെന്ന് പറഞ്ഞ് പലരും എന്നെ സമീപിക്കാറുണ്ട്. പക്ഷേ ഇതര നന്നായി ചെയ്യുമെന്ന് നമ്മൾ ഒരിക്കലും വിചാരിച്ചില്ല. ഒന്നുകിൽ കൊച്ചിൻ ഹനീഫയുടെ കഥാപാത്രം അല്ലെങ്കിൽ സുരേഷ് ഗോപിയുടെ അതിഭാവുകത്വ കഥാപാത്രം. അങ്ങനെയാണ് സ്ഥിരം വരാറ്. പൊലീസിനെ ഇത്ര റിയലിസ്റ്റിക് ആയി അധികം കണ്ടിട്ടില്ല.” എ. ഡി. ജി. പി ശ്രീജിത്ത് പറഞ്ഞു.
കണ്ണൂർ സ്ക്വാഡ് രൂപീകരിക്കുന്ന കാലത്ത് കണ്ണൂർ എസ്. പി ആയിരുന്നു ശ്രീജിത്ത്. ഇപ്പോൾ അദ്ദേഹം ട്രാൻസ്പോർട്ട് കമ്മീഷണറാണ്. സിനിമയ്ക്ക് എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂടയിയെ കൂടാതെ അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്, ശബരീഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.