ഐഎഫ്എഫ്‌കെയിലും ഗോവന്‍ മേളയിലും ഉള്ളൊഴുക്കിനെ തടഞ്ഞു.. സാംസ്‌കാരിക മന്ത്രി അന്വേഷിക്കണം; വിമര്‍ശനവുമായി അടൂര്‍

ക്രിസ്റ്റോ ടോമിയുടെ ‘ഉള്ളൊഴുക്ക്’ സിനിമയെ ചലച്ചിത്രമേളകളില്‍ അവഗണിച്ചുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കഴിഞ്ഞ വര്‍ഷം നടന്ന ഐഎഫ്എഫ്‌കെയിലും ഗോവയില്‍ നടന്ന ഐഎഫ്എഫ്‌ഐയിലും സിനിമ തിരഞ്ഞെടുക്കപ്പെട്ടില്ല.

അടുത്ത വര്‍ഷത്തെ ഐഎഫ്എഫ്‌കെയില്‍ പ്രത്യേകമായി ക്ഷണിച്ച് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ സാംസ്‌കാരിക മന്ത്രിക്ക് കത്ത് എഴുതി. സിനിമ ഗോവ, തിരുവനന്തപുരം അന്താരാഷ്ട്ര മേളകളില്‍ അയച്ചിരുന്നു. എന്നാല്‍ മികച്ച സിനിമയായിട്ടും രണ്ടിടത്തും അവഗണിച്ചു.

ഗോവ മേളയില്‍ തിരഞ്ഞെടുക്കാതിരുന്നതില്‍ ഒട്ടും അതിശയമില്ല. കാരണം കുറച്ചുകാലമായി ഭേദപ്പെട്ട സിനിമകളൊന്നും അവിടെ കാണിക്കാറില്ല. ഏഴെട്ട് വര്‍ഷമായി ദേശീയ അവാര്‍ഡ് കിട്ടുന്ന സിനിമകള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും.

ഗോവ മേളയുടെ കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് സാംസ്‌കാരിക മന്ത്രിക്ക് എഴുതിയ കത്തില്‍ അടൂര്‍ പറഞ്ഞു. മത്സരവിഭാഗം കൂടാതെയുള്ള മലയാളം സിനിമാ വിഭാഗത്തില്‍ തിരഞ്ഞടുത്ത 12 സിനിമകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള യോഗ്യത പോലും നിഷേധിച്ചത് തെറ്റാണ്.

അടുത്ത ഐഎഫ്എഫ്‌കെയില്‍ ചിത്രം പ്രത്യേകം ക്ഷണിച്ചു വരുത്തി പ്രദര്‍ശിപ്പിക്കണം. മത്സര വിഭാഗത്തിലേക്ക് പരിഗണിക്കുകയും വേണം. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഉള്ളൊഴുക്കിന്റെ സംവിധായകനെ അഭിനന്ദിക്കാന്‍ വിളിച്ചപ്പോഴാണ് ചിത്രത്തിനുണ്ടായ അവഗണനയെ കുറിച്ച് അറിഞ്ഞതെന്നും അടൂര്‍ വിശദീകരിച്ചു.