'ഗോൾഡിന്' ശേഷം അൽഫോൺസ് പുത്രൻ വരുന്നു; കൂടെ ഇളയരാജയും ; ചിത്രത്തിൽ ഏഴ് ഗാനങ്ങൾ

അൽഫോൺസ് പുത്രൻ തിരക്കഥയെഴുതി  സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗിഫ്റ്റി’ന്റെ ‘മ്യൂസിക്കൽ’ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് സംവിധായകൻ. തന്റെ സിനിമകളുടെ അറിയിപ്പുകളെല്ലാം വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച് കൊണ്ട് അൽഫോൺസ് എപ്പോഴും ചർച്ചകളിൽ ഇടം നേടാറുണ്ട്.

വലിയ ഹൈപ്പോടെ വന്ന തന്റെ മുൻ ചിത്രം  ‘ഗോൾഡ്’ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടിരുന്നു, അതിന് ശേഷം സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ വന്നതിനെ തുടർന്ന് അൽഫോൺസ് സോഷ്യൽ മീഡിയകളിൽ  നിന്ന് ഇടവേളയെടുത്തിരുന്നു.

ഇപ്പോഴിതാ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അൽഫോൺസ്. സാധാരണ സിനിമകളുടെ ഫസ്റ്റ് ലുക്കുകൾ പോലെ താരങ്ങളുടെ ചിത്രങ്ങളോ മറ്റോ അല്ല ഇതിലുള്ളത്, പകരം സംഗീതമാണുള്ളത്. ഇളയരാജയാണ് സിനിമയുടെ സംഗീത സംവിധായകൻ. ഇളയരാജയുടെ സ്വതസിദ്ധമായ താളം  52 സെക്കന്റുള്ള വീഡിയോയിൽ കേൾക്കാം. ചിത്രത്തിൽ ഏഴ് ഗാനങ്ങളാണ് ഉള്ളത്.

Read more

ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ് ഇതുവരെ യൂട്യൂബിൽ  വീഡിയോ കണ്ടിരിക്കുന്നത്. വിടുതലൈ എന്ന സിനിമയ്ക്ക് ശേഷം ഇളയരാജയുടെ മാസ്റ്റർപീസ് സംഗീതത്തിന് കാത്തിരിപ്പിലാണ് സിനിമാലോകം. സാൻഡി, കോവൈ സരള, മഹാലക്ഷ്മി സുദർശൻ, സമ്പത്ത് രാജ്, സഹന സർവേഷ് എന്നിവരാണ് സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നത്.  റോമിയോ പിക്ചേഴ്സിന്റെ ബാനറിൽ രാഹുലാണ്  ചിത്രം നിർമ്മിക്കുന്നത്.